ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്: ഇടത് സഖ്യം മുന്നേറുന്നു



ന്യൂഡല്‍ഹി> ജെഎന്‍യു തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ മികച്ച ലീഡുമായി ഇടത് സഖ്യം(യുണൈറ്റഡ് ഫ്രണ്ട്). സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസിലെ 350, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ 100 എന്നിങ്ങനെ ബാലറ്റുകള്‍ എണ്ണിയപ്പോഴാണ് ഇടത് സഖ്യത്തിന് വ്യക്തമായ ലീഡ് ലഭിച്ചത്.

ഐഷേ ഘോഷാണ് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സാകേത് മൂണ്‍, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ്, ജോയിന്റ് സെക്രട്ടറി ഡാനിഷ് എന്നിവരും ലീഡ് ചെയ്യുകയാണ്. സര്‍വകാലാശാല അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന്‌ വോട്ടെണ്ണല്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു.

 തെരഞ്ഞെടുപ്പ് സമിതിയോട് വോട്ടെണ്ണന്‍ നിര്‍ത്തിവെക്കണമെന്നും അല്ലാത്തപക്ഷം സേനയെ വിളിക്കുമെന്നും അധികൃതര്‍ ഭീഷണിമുഴക്കിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

വെള്ളിയാഴ്ച പൂര്‍ത്തിയായ വോട്ടെടുപ്പില്‍ 5762 വിദ്യാര്‍ത്ഥികള്‍ (67.9%) വോട്ടുരേഖപ്പെടുത്തി. ഞായാറാഴ്ച ഫലംപ്രഖ്യാപിക്കാനുള്ള മുന്‍തീരുമാനം കോടതിവിധി പ്രകാരം മാറ്റിവെക്കാനും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനും രാത്രിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയോഗം തീരുമാനിച്ചു.

 രാവിലെ 11.55ന് വോട്ടെണ്ണല്‍ തുടങ്ങിയെങ്കിലും എതിര്‍പ്പുമായി ജെഎന്‍യു പരാതിപരിഹാര സെല്‍ രംഗത്തെത്തി. ഫലം വെളിപ്പെടുത്തില്ലെന്ന് കൗണ്ടിങ് ഏജന്റുമാര്‍ എഴുതിനല്‍കണമെന്ന സെല്ലിന്റെ ആവശ്യം തെരഞ്ഞെടുപ്പ് സമിതിതള്ളി.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഞായറാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫലപ്രഖ്യാപനം തടഞ്ഞ കോടതിവിധി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്ന് കാലാവധിപൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥി യൂണിയന്‍ നേതൃത്വം പ്രസ്താവനയില്‍പറഞ്ഞു.

കഴിഞ്ഞ തവണ എബിവിപിക്കാര്‍ വോട്ടെണ്ണല്‍കേന്ദ്രം കയ്യേറി തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളെയും സുരക്ഷാ ജീവനക്കാരെയും മര്‍ദ്ദിച്ചതോടെ വൊട്ടെണ്ണല്‍ 17 മണിക്കൂര്‍ വൈകിയതും ഇവര്‍ ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് നടന്നത് ലിങ്‌ദോ കമീഷന്റെ ശുപാര്‍ശ പ്രകാരമല്ലെന്നും ഒരു വിദ്യാര്‍ത്ഥിയുടെ നാമദിര്‍ദ്ദേശപത്രിക അകാരണമായി തള്ളി എന്നുമുള്ള രണ്ട് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഫലപ്രഖ്യാപനം തടഞ്ഞത്.

 


Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.