ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്: അധികൃതരുടെ ഇടപെടലില്‍ വോട്ടെണ്ണല്‍ 11 മണിക്കൂര്‍ മുടങ്ങി | National | Deshabhimani
ന്യൂഡല്‍ഹി > രാജ്യം ഉറ്റുനോക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയത് പതിനൊന്ന് മണിക്കൂര്‍ വൈകി. സര്‍വകാലാശാല അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് വോട്ടെണ്ണല്‍ അനിശ്ചിതത്വത്തിലായത്. തെരഞ്ഞെടുപ്പ് സമിതിയോട് വോട്ടെണ്ണന്‍ നിര്‍ത്തിവെക്കണമെന്നും അല്ലാത്തപക്ഷം സേനയെ വിളിക്കുമെന്നും അധികൃതര്‍ ഭീഷണിമുഴക്കിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ്ഫലം പ്രഖ്യാപിക്കുന്നത് 17വരെ ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു..

വെള്ളിയാഴ്ച പൂര്‍ത്തിയായ വോട്ടെടുപ്പില്‍ 5762 വിദ്യാര്‍ത്ഥികള്‍ (67.9%) വോട്ടുരേഖപ്പെടുത്തി. ഞായാറാഴ്ച ഫലംപ്രഖ്യാപിക്കാനുള്ള മുന്‍തീരുമാനം കോടതിവിധി പ്രകാരം മാറ്റിവെക്കാനും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനും രാത്രിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയോഗം തീരുമാനിച്ചു. 11.55ന് വോട്ടെണ്ണല്‍ തുടങ്ങിയെങ്കിലും എതിര്‍പ്പുമായി ജെഎന്‍യു പരാതിപരിഹാര സെല്‍ രംഗത്തെത്തി. ഫലം വെളിപ്പെടുത്തില്ലെന്ന് കൗണ്ടിങ് ഏജന്റുമാര്‍ എഴുതിനല്‍കണമെന്ന സെല്ലിന്റെ ആവശ്യം തെരഞ്ഞെടുപ്പ് സമിതിതള്ളി.

ശനിയാഴ്ച രാവിലെ നടന്ന സര്‍വകക്ഷിയോഗത്തിനുശേഷം 11.30ഓടെ വോട്ടെണ്ണല്‍ തുടങ്ങിയെങ്കിലും വീണ്ടും അധികൃതര്‍ ഇടപെട്ട് തടഞ്ഞു. ചര്‍ച്ചകള്‍ക്കുശേഷം വൈകിട്ട് നാലിന് വീണ്ടും വോട്ടെണ്ണല്‍ പുനരാരംഭിച്ചു. സര്‍വകലാശാല അധികൃതരുടെ നിരീക്ഷണത്തില്‍വേണം വോട്ടെണ്ണല്‍ എന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തു. ഇതിനിടെ, സര്‍വകലാശാല ഡീനും അസോസിയേറ്റ് ഡിനും വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ കയറിയതും വിവാദമായി. വിദ്യാര്‍ത്ഥികള്‍ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് സമിതിയെ അട്ടിമറിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എബിവിപിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കാന്‍ വൈസ് ചാന്‍സലറിന്റെ നേതൃത്വത്തില്‍ അധികൃതര്‍ ശ്രമിക്കുകയാണെന്ന് ഇടതുസഖ്യത്തിന്റെ പ്രസിഡന്റ്സ്ഥാനാര്‍ത്ഥി ഐഷി ഘോഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഞായറാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫലപ്രഖ്യാപനം തടഞ്ഞ കോടതിവിധി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്ന് കാലാവധിപൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയൂണിയന്‍ നേതൃത്വം പ്രസ്താവനയില്‍പറഞ്ഞു. കഴിഞ്ഞ തവണ എബിവിപിക്കാര്‍ വോട്ടെണ്ണല്‍കേന്ദ്രം കയ്യേറി തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളെയും സുരക്ഷാ ജീവനക്കാരെയും മര്‍ദ്ദിച്ചതോടെ വൊട്ടെണ്ണല്‍ 17 മണിക്കൂര്‍ വൈകിയതും ഇവര്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് നടന്നത് ലിങ്ദോ കമീഷന്റെ ശുപാര്‍ശ പ്രകാരമല്ലെന്നും ഒരു വിദ്യാര്‍ത്ഥിയുടെ നാമദിര്‍ദ്ദേശപത്രിക അകാരണമായി തള്ളി എന്നുമുള്ള രണ്ട് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഫലപ്രഖ്യാപനം തടഞ്ഞത്.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.