ജമ്മു കശ്മീർ വിഷയം ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ


ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ വിജ്ഞാപനത്തിനെതിരായ ഹർജി, മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരായ ഹർജി എന്നിവയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നത്.

രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേക അവകാശം റദ്ദാക്കിയത് ഭരണ ഘടനാ വിരുദ്ധമാണെന്നും, നിയമസഭയുടെ അനുമതി ഇല്ലാതെയുള്ള നടപടിക്ക് സാധുത ഇല്ലെന്നും അഭിഭാഷകനായ എം എല്‍ ശര്‍മ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് കോടതിയെ സമീപിച്ചത്.

ഇന്‍റര്‍നെറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിച്ഛേദിച്ചതിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിലും ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് അനുരാധാ ബാസിന്‍റെ ഹര്‍ജി. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഈ  നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം മറ്റൊരു ഹർജി പരിഗണിച്ച സുപ്രീംകോടതി കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇടപെടാൻ വിസമ്മതിച്ചിരുന്നു. ദൈനംദിനം സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി രണ്ടാഴ്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.  

Also Read: ‘സർക്കാരിന് സമയം നൽകാം’: കശ്മീർ നിയന്ത്രണങ്ങളിൽ ഇടപെടാതെ സുപ്രീംകോടതി

Last Updated 16, Aug 2019, 7:50 AM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.