ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കിയത് ജനങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കില്ല: സത്യപാല്‍ മാലിക്


ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നഷ്ടപ്പെട്ടത് ജനങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കില്ലെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ശ്രീനഗറില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര തീരുമാനം വികസനത്തിന്‍റെ പുതിയ പാത തുറക്കാന്‍ അവസരമൊരുക്കുകയാണെന്നും സത്യപാല്‍ മാലിക് പറഞ്ഞു. 

‘കേന്ദ്രത്തിന്‍റെ തീരുമാനം ചരിത്രമാണ്. വികസനത്തിന്‍റെ പുതിയ പാതയാണ് തുറക്കാന്‍ പോകുന്നത്. ജമ്മു കശ്മീരിലും ലഡാക്കിലുമുള്ള വിവിധ വിഭാഗങ്ങള്‍ക്ക് അവരുടെ ഭാഷയും സംസ്കാരവും പ്രചരിപ്പിക്കാന്‍ അവസരമൊരുങ്ങും.സാമ്പത്തിക വികസനം, സമാധാനം, സമൃദ്ധി എന്നീ വിഷയങ്ങളില്‍ നിന്ന് കഴിഞ്ഞ 70 വര്‍ഷമായി ജനങ്ങള്‍ വഴിതിരിക്കപ്പെട്ടിരുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ഐക്യത്തിലായിരിക്കും ഇനി കശ്മീര്‍’- സത്യപാല്‍ മാലിക് പറഞ്ഞു.

പുതിയ വ്യവസ്ഥിതിയുടെ കീഴില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലാത്തവര്‍ക്കും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്യം ലഭിക്കും. കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഒക്ടോബറിലെ തദ്ദേശീയ തെരഞ്ഞെടുപ്പിലും നവംബര്‍- ഡിസംബര്‍ കാലയളവില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും വ്യക്തമായ മറുപടി കൊടുക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നും സത്യപാല്‍ മാലിക് പറഞ്ഞു. 

Last Updated 15, Aug 2019, 7:13 PM IST


Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.