‘ചോല’യ്ക്കു ശേഷം ‘കയറ്റം’; സനല്‍കുമാര്‍ ശശിധരന്റെ ചിത്രത്തില്‍ നായിക മഞ്ജുവാര്യര്‍
ചോല’ എന്ന ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘കയറ്റ’ത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രീകരണം പുരോഗമിക്കുകയാണ്.

സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. അരുണാ മാത്യു, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലെത്തിയ ചോലയ്ക്ക് സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം സനല്‍കുമാര്‍ ശശിധരനെ തേടിയെത്തിയിരുന്നു. ‘ചോല’യിലെ ശബ്ദം ഡിസൈന്‍ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും സനല്‍കുമാര്‍ ശശിധരന് ലഭിച്ചിരുന്നു.

ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.