ചൂണ്ടയിടാൻ വന്നവർ രക്ഷകരായി:അത്‌ മീനായിരുന്നില്ല, നമ്മുടെ പൊന്നുമോൾ

മുഹമ്മ
വീട്ടുമുറ്റത്തെ കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന രണ്ടുവയസുകാരിയെ  എട്ടാം ക്ലാസുകാരനും അമ്മാവനും ചേർന്ന് രക്ഷപ്പെടുത്തി. മണ്ണഞ്ചേരി രണ്ടാം വാർഡ് വടക്കേ തയ്യിൽ നിഷാദിന്റെയും ആലപ്പുഴ അസിസ്‌റ്റന്റ്‌ എക്‌സൈസ് കമീഷണർ ഓഫീസിലെ  സിവിൽ  ഓഫീസർ സൗമിലയുടേയും മകൾ സഫിന ഫാത്തിമയെയാണ് രക്ഷപ്പെടുത്തിയത്.

 കാവുങ്കലിൽ സ്ഥിരതാമസമാക്കിയ നാടോടികളായ  ചെറുകോട് വീട്ടിൽ ബാലുവും അനന്തരവൻ മുഹമ്മ ആര്യക്കര ഭഗവതിവിലാസം സ്‌കൂൾ വിദ്യാർഥി  എസ് സുനിലുമാണ്‌ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.  ഇവർ ചൂണ്ട ഉപയോഗിച്ച്  മീൻ പിടിക്കാൻ  പോകുമ്പോൾ ഞായറാഴ്‌ച പകൽ രണ്ടോടെയാണ്  സംഭവത്തിന്‌ ദ‌ൃക്‌സാക്ഷികളായത്‌. വീട്ടുമുറ്റത്ത് സഹോദരങ്ങളുമായി കളിക്കുന്നതിനിടെ കുഞ്ഞ്‌ കുളത്തിൽ വീഴുകയായിരുന്നു.   –
 
ഇരുവരും സൈക്കിളിൽ പോകവെ റോഡിനോട് ചേർന്നുള്ള വേലിക്കെട്ടിലെ കുളത്തിൽ അനക്കം കേട്ടാണ് നോക്കിയത്. മീൻ മറിയുന്നതുപോലെ  തോന്നി സൈക്കിളിൽനിന്ന് ഇറങ്ങി.  കുളത്തിൽ പായൽ നീങ്ങിയ  സ്ഥലത്ത് എന്തോ പൊങ്ങിനിൽക്കുന്നതും തുടർന്ന് അനങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടു. വെള്ളത്തിൽ പൊങ്ങിനിന്നത് കുഞ്ഞിന്റെ കൈയാണെന്ന്‌  മനസിലായതോടെ വേലി പൊളിച്ച് കുളത്തിൽ ചാടി  കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

 നൗഷാദ് -–-സൗമില ദമ്പതികൾക്ക് മൂന്ന് കുട്ടികളാണുള്ളത്. ഇതിൽ  ഇരട്ടക്കുട്ടികളിൽ ഒരാളാണ് സഫിന ഫാത്തിമ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള കുഞ്ഞ്‌ അപകടനില തരണംചെയ്‌തതായി ഡോക്‌ടർമാർ അറിയിച്ചു.
 

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.