ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും


പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിക്കും. ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.

പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ അഗ്‌നിപകരുന്നതോടെ, ഭക്തരെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ അനുവദിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെയുണ്ടാവില്ല. ചിങ്ങം ഒന്നായ 17ന് പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടക്കും. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും.

നാളെയാണ് ശബരിമല-മാളികപ്പുറം എന്നിവിടങ്ങളിലെക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പ് നടപടികള്‍ക്കായി മേല്‍ശാന്തിമാരുടെ ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി യോഗ്യത നേടിയ 9 പേര്‍ വീതമുള്ള രണ്ട് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 21ന് രാത്രി 10ന് ഹരിവരാസനം പാടി നടയക്കും.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.