ചികിത്സയ്ക്കായി ലഭിച്ച തുകയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് 10,000 നല്‍കി ശരണ്യ


അര്‍ബുദബാധയെത്തുടര്‍ന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടിവന്ന നടി ശരണ്യയുടെ ജീവിതം മുന്‍പ് പലതവണ വാര്‍ത്തകളില്‍ എത്തിയിട്ടുള്ളതാണ്. വിടാതെ പിന്തുടരുന്ന രോഗാവസ്ഥയെ മനസാന്നിധ്യം കൊണ്ടുകൂടിയാണ് അവര്‍ മറികടന്നത്. ഇപ്പോഴിതാ മറ്റൊരു കാരണം കൊണ്ടും അവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസിക്കപ്പെടുന്നു. രോഗചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗം പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് തന്നെ നല്‍കിയിരിക്കുകയാണ് അവര്‍. 10,000 രൂപയാണ് ശരണ്യ നല്‍കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തില്‍ ചികിത്സയ്ക്കായി കിട്ടിയ തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ നല്‍കാന്‍ ഏറെ സന്തോഷമുണ്ടെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ക്യാംപെയ്‍നിനുവേണ്ടി മറ്റുള്ളവരെ ചാലഞ്ച് ചെയ്തിട്ടുമുണ്ട് ശരണ്യ. തുക നല്‍കിയതിന്‍റെ ഓണ്‍ലൈന്‍ റെസീപ്റ്റ് അടക്കമാണ് ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തികപ്രതിസന്ധി നേരത്തേ സമൂഹമാധ്യമങ്ങള്‍ വഴി വാര്‍ത്തയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ സൂരജ് പാലാക്കാരനും നടി സീമാ ജി നായരും ശരണ്യയുടെ അവസ്ഥ വ്യക്തമാക്കി സഹായമഭ്യര്‍ഥിച്ച് നേരത്തേ രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് തലച്ചോറിലെ ട്യൂമര്‍ ബാധയെത്തുടര്‍ന്ന് ശരണ്യയ്ക്ക് ഏഴാംതവണയും ശസ്ത്രക്രിയ വേണ്ടിവന്നത്. 

Last Updated 15, Aug 2019, 11:53 PM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.