ഗ്രാമീണ്‍ ബാങ്കിലെ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ ശക്തമായ സമരം: എളമരം കരീം | Kerala | Deshabhimani


തിരുവനന്തപുരം> കേരള ഗ്രാമീണ്‍ ബാങ്കിലെ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുവാനും നിയമനങ്ങള്‍ നടത്തുവാനും സ്പോണ്‍സര്‍ ബാങ്കായ കനാറാ ബാങ്ക് മാനേജ്മെന്റ് തയ്യാറാകണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു. കേരള ഗ്രാമീണ്‍ ബാങ്കില്‍ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തുക, പ്യൂണ്‍ തസ്തികയില്‍ നിയമനം നടത്തുക,ഒത്തുതീര്‍പ്പ് കരാര്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കനറാ ബാങ്കിന്റെ തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച്  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ്‍ ബാങ്കില്‍ നടന്ന തുടര്‍സമരങ്ങളുടെ ഫലമായി മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട കരാറാണ് ലംഘിക്കപ്പെടുന്നത്. ഗ്രാമീണ്‍ ബാങ്ക് മാനേജ്മെന്റ് നിയമങ്ങള്‍ നടത്തുവാന്‍ തയ്യാറായിട്ടും കനറാ ബാങ്ക് മാനേജ്മെന്റ് തുച്ഛ വേതനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് നില്‍ക്കുന്നത് അംഗീകരിക്കാനാവില്ല.

മാനേജ്മെന്റിന്റെ ഈ നടപടി ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ജീവനക്കാര്‍ക്കുനേരെ കൈക്കൊള്ളുന്ന തൊഴിലാളി വിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണ്. കേന്ദ്രസര്‍ക്കാരും തൊഴില്‍ നിയമ ഭേദഗതികളിലൂടെയും മറ്റും ഇതേ നിലപാട് തന്നെയാണ് കൈക്കൊള്ളുന്നത്. മിനിമം വേതനം പോലും നല്‍കുന്നില്ല.

നിര്‍ണയിക്കപ്പെടുന്ന മിനിമം വേതനമാകട്ടെ ആവശ്യമുള്ളതിലും എത്രയോ കുറവും. കേന്ദ്രസര്‍ക്കാര്‍ തന്നെ പല സ്ഥാപനങ്ങളിലും വളണ്ടിയര്‍മാര്‍ എന്ന പേരിലാണ് ജോലിക്കെടുക്കുന്നത്. വര്‍ക്കര്‍ അല്ലാത്തതിനാല്‍ ഒരു ആനുകൂല്യവും നല്‍കേണ്ടതില്ല. ഐസിടിഎസ് പദ്ധതിയിലെ അംഗന്‍വാടി ജീവനക്കാര്‍, എന്‍ എച്ച് എമ്മിന്റെ കീഴിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആശാ വര്‍ക്കേഴ്‌സ് എല്ലാം ഇത്തരത്തിലാണ് ജോലി ചെയ്യുന്നത്.

 ഒരു ഓണറേറിയം മാത്രമാണ് പ്രതിഫലം. കേരളത്തിലാണ് ഇവര്‍ക്ക് കുറേയെങ്കിലും മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുന്നത്. കേരളം സര്‍ക്കാര്‍ സ്വന്തം ഷെയര്‍ കൂടി ചേര്‍ത്താണ് മെച്ചപ്പെട്ട വേതനം നല്‍കുന്നത്. തൊഴിലെടുക്കുന്ന 56 കോടി ഇന്ത്യന്‍ ജനതയില്‍ നാലര കോടി മാത്രമാണ് സ്ഥിരവേതനം ഉള്ളവര്‍. ബാക്കി മഹാഭൂരിപക്ഷവും അനൗദ്യോഗിക മേഖലയിലാണ് പണിയെടുക്കുന്നത്.

തൊഴിലില്ലായ്മ അതിരൂക്ഷമാണ്. 70 കാലഘട്ടത്തില്‍ 16 ലക്ഷം ജീവനക്കാര്‍ ഉണ്ടായിരുന്ന റെയില്‍വേയില്‍ ഇപ്പോള്‍ 9 ലക്ഷം ജീവനക്കാര്‍ മാത്രമാണുള്ളത്. ബിഎസ്എന്‍എല്ലിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ സമരത്തിലാണ്. അവരില്‍ ഒരാള്‍ ഇന്ന് ബിഎസ്എന്‍എല്‍ ഓഫീസില്‍ ആത്മഹത്യ ചെയ്ത ദുഖകരമായ വിവരം ഇന്ന് അറിവായിട്ടുണ്ട്.

ജീവനക്കാരുടെ ഈ സമരത്തെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാതെ ഒത്തുതീര്‍പ്പിന് മാനേജ്മെന്റ് തയാറാകണം. ഒരു മാതൃകാ തൊഴിലുടമ ആകേണ്ട പൊതുമേഖലാ സ്ഥാപനം സ്വകാര്യ മുതലാളിമാരെപ്പോലെ പെരുമാറുന്നത് ശരിയായ രീതിയല്ല. അല്ലാത്ത പക്ഷം സിഐടിയുവും മറ്റ് സംഘടനകളും കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗവും കനാറാ ബാങ്കിന്റെ ഒരു ശാഖ പോലും പ്രവര്‍ത്തിക്കാത്ത തരത്തില്‍ ശക്തമായ സമരവും പിന്തുണയും ആയി മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

മുത്തൂറ്റ് സമരകാലത്ത് സാമ്പത്തികം ഉള്‍പ്പെടെയുള്ള വലിയ പിന്തുണയുമായി മുന്നോട്ട് വന്ന സംഘടനയാണ് ബെഫി. അതേ പിന്തുണ ബെഫിക്ക് ആവശ്യമായ ഏതൊരു ഘട്ടത്തിലും തിരിച്ച് നല്‍കുവാന്‍ സിഐടിയുവും അതില്‍ ഉള്‍പ്പെട്ട സംഘടനകളും ശക്തമായി മുന്നോട്ട് വരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ജി. ശ്രീകുമാര്‍(സെക്രട്ടറി, എഫ്എസ്ഇടിഒ), എ.ജി ഒലീന(അഖിലേന്ത്യാ സെക്രട്ടറി, ആള്‍ ഇന്ത്യ കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍), സിജെ നന്ദകുമാര്‍(അഖിലേന്ത്യസ് പ്രസിഡന്റ് ബെഫി), ടി നരേന്ദ്രന്‍(ബെഫി സംസ്ഥാന പ്രസിഡന്റ്)എസ് എസ് അനില്‍(ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ ജി മദനന്‍(അഖിലേന്ത്യാ ജോ.സെക്രട്ടറി, എ ഐ ആര്‍ അര്‍ ബി ഇ എ) എന്നിവര്‍ സംസാരിച്ചു. കനാറാ ബാങ്ക് മേലധികാരികള്‍ക്ക് മെമ്മോറാണ്ടാവും സമര്‍പ്പിച്ചു).

 

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.