‘ഗോളടിക്കല്ലെ മെസിയേ, നാട്ടിലെ ചെക്കന്മാര് സ്വൈര്യം തരൂല മെസിയേ’; കളിക്കിടെ മലയാളി ആരാധകന്‍- വീഡിയോ


റിയാദ്: സൂപ്പർ ക്ലാസിക്കോയിൽ ബ്രസീലിനെ വീഴ്ത്തി അർജന്‍റീന ജയിച്ചതോടെ ആഹ്ലാദത്തിലാണ് അര്‍ജന്‍റീനന്‍ ആരാധകര്‍. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനോട് തോറ്റ് പുറത്തായതിന് മധുര പ്രതികാരമായി അർജന്‍റീനയുടെ വിജയം ആരാധകര്‍ ആഘോഷിക്കുമ്പോള്‍ റിയാദില്‍ നടന്ന മത്സരത്തിനിടയിലെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പെനാല്‍റ്റി കിക്ക് എടുക്കാനെത്തിയ അര്‍ജന്‍റീനയുടെ സൂപ്പര്‍ താരം മെസ്സിയോട് ഗോളടിക്കല്ലേ എന്ന് വിളിച്ച് പറയുന്ന മലയാളി ആരാധകന്‍റെ വീഡിയോ ആണ് വൈറലായത്.

സൗദി അറേബ്യയിലെ റിയാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്‍റീനയുടെ ജയം. വിജയ ഗോള്‍ നേടിയത് വിലക്കിന് ശേഷം തിരിച്ചെത്തിയ നായകൻ ലിയോണൽ മെസിയും. പെനാല്‍റ്റി കിക്ക് എടുക്കാനെത്തിയ മെസ്സിയോട് ” അടിക്കല്ലേ മെസ്സിയേ, ഗോളടിക്കല്ലെ മെസ്സിയേ, നാട്ടിലെ ചെക്കന്മാര് സ്വൈര്യം തരൂല മെസ്സിയേ, മാവൂരിലെ ചെക്കന്‍മാര് സ്വൈര്യം തരൂല മെസ്സിയേ” എന്നായിരുന്നു മലയാളി ആരാധകന്‍റെ കമന്‍റ്.

ബ്രസീല്‍ ആരാധകനായ മലയാളി യുവാവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മെസി എടുത്ത പെനാൽറ്റി കിക്ക് ബ്രസീൽ ഗോളി അലിസൺ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ മെസി ഗോൾ ഉറപ്പാക്കുകയായിരുന്ന. എന്നാല്‍ ബ്രസീലിന് കിട്ടിയ പെനാൽറ്റി ഗബ്രിയേൽ ജിസ്യൂസ് പാഴാക്കി. എന്തായാലും മെസ്സിയോട് ഗോളടിക്കരുതെന്ന് വിളിച്ച് പറയുന്ന മലയാളി ആരാധകന്‍റെ വീഡിയോ അര്‍ജന്‍റീനന്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Last Updated 16, Nov 2019, 9:33 AM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.