ഗൂഗിള്‍ പേ ഓഫറുകള്‍ക്ക് ലോട്ടറിയുടെ സ്വഭാവമെന്ന് പരാതി; തമിഴ്‌നാട്ടില്‍ സ്‌ക്രാച്ച് കാര്‍ഡിന് വിലക്ക്


യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേയ്ക്ക് തമിഴ്‌നാട്ടിന്‍ വന്‍ തിരിച്ചടി. ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് ഓഫറുകള്‍ക്കാണ് സംസ്ഥാനം വിലക്ക് ഏര്‍പ്പെടുത്തി. ഈ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഒരു ലോട്ടറിയുടേതിന് തുല്യമാണെന്നും അതു കൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നും സംസ്ഥാനം വ്യക്തമാക്കി. 2003 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തമിഴ്‌നാടിന്റെ ലോട്ടറി നിരോധനം ഗൂഗിള്‍ പേ ലംഘിച്ചതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സ്‌ക്രാച്ച് കാര്‍ഡ് ഫലത്തില്‍ ലോട്ടറിയാണെന്നും സമ്മാന പദ്ധതി (നിരോധനം) നിയമം 1979, പ്രകാരം ഇത്തരം കാര്യങ്ങള്‍ വിലക്കിയിട്ടുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.എല്‍. രാജ പറഞ്ഞു.

ഒരു ഉല്‍പ്പന്നത്തിന് കൃത്രിമ ആവശ്യം സൃഷ്ടിക്കുന്ന ഒരു സ്‌കീമും അനുവദനീയമല്ലെന്നും ഭാഗ്യ നറുക്കെടുപ്പ് അല്ലെങ്കില്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഈ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളെ വിജയിപ്പിക്കാനുള്ള അവസരത്തിനായി മാത്രം അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതു കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്രാച്ച് കാര്‍ഡുകള്‍ക്ക് പുറമേ ഓണ്‍ലൈന്‍ കൂപ്പണുകള്‍ പോലുള്ള സ്ഥിരമായ റിവാര്‍ഡുകളും ഗൂഗിള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ഓഗസ്റ്റില്‍ 342 ദശലക്ഷം ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്ത ഫ്‌ലിപ്കാര്‍ട്ടിന്റെ ഫോണ്‍പെ (2016 ല്‍ ആരംഭിച്ചത്) ആണ് ഒന്നാമതുള്ളത്. 320 ദശലക്ഷം ഇടപാടുകളുമായി ഗൂഗിള്‍ പേ (2015-ല്‍ ആരംഭിച്ചത്) രണ്ടാമതാണ്. കഴിഞ്ഞ ഒക്ടോബറില്‍ യുപിഐ പേയ്‌മെന്റുകള്‍ 1 ബില്യണ്‍ ഇടപാടുകള്‍ മറികടന്നു.

ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ നടത്തുന്നതിനുള്ള പ്രോത്സാഹനമായി നല്‍കുന്ന ആനുകൂല്യങ്ങളും ക്യാഷ്ബാക്കുകളും ഈ വളര്‍ച്ചയെ സഹായിച്ചുവന്നത് നിഷേധിക്കാനാവില്ല. വെര്‍ച്വല്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ വഴിയാണ് ഗൂഗിള്‍ ഇപ്പോള്‍ സമ്മാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇങ്ങനെ പണം വിതരണം ചെയ്യുന്നതിനും തമിഴ്‌നാട്ടില്‍ നിരോധനമുണ്ട്. ഒരു പ്രതിഫലത്തിനായി കൂടുതല്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ പേ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംസ്ഥാനം വിശ്വസിക്കുന്നു. കൂടാതെ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന് കീഴിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. സ്‌ക്രാച്ച് കാര്‍ഡ് ഓഫറുകള്‍ നിയമവിരുദ്ധമാണെന്നും ഈ സവിശേഷതകള്‍ നിയന്ത്രിക്കുന്നതിന് സാങ്കേതിക നടപടികള്‍ ചേര്‍ക്കുന്നതിനുള്ള ഉത്തരവാദിത്തം ഇന്റര്‍നെറ്റ് കമ്പനികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാണിക്കുന്നു.

ലോട്ടറി നിരോധനം നടപ്പാക്കുന്നത് എളുപ്പമാണെങ്കിലും ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത് പ്രായോഗികമല്ലെന്ന് ഗൂഗിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. നിരോധിത സ്ഥലത്തെ ഉപയോക്താക്കള്‍ക്ക് വേണ്ടി രാജ്യത്ത് ആകെ ഉപയോഗിക്കുന്നവരുടെ അനുഭവത്തില്‍ വ്യതിയാനം വരുത്തുന്നത് സങ്കീര്‍ണ്ണമാണെന്നും ഗൂഗിള്‍ വ്യക്തമാക്കി. എങ്കിലും ഇപ്പോള്‍ നിയമവിരുദ്ധമായി ചേര്‍ക്കപ്പെട്ട ക്ലെയിം ചെയ്ത റിവാര്‍ഡ് റദ്ദാക്കാമെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.

Last Updated 10, Nov 2019, 9:07 AM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.