ഗതാഗതകുരുക്കില്‍ നിന്നും രക്ഷപെടാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തു; യാത്ര അവസാനിച്ചത് പുഴയില്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


തൃശൂര്‍: ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തവര്‍ വഴി തെറ്റി ചെന്ന് വീണത് പുഴയില്‍. തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. പാലക്കാട് നിന്നും പട്ടിക്കാട്ടേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. കുതിരാനിലെ ഗതാഗതക്കുരുക്കു കാരണം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മറ്റൊരു വഴിയിലൂടെയായിരുന്നു യാത്ര. എഴുന്നളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്താണ് കാറ് പുഴയിലേക്ക് മറിഞ്ഞത്.

തിരുവില്വാമല വഴി കൊണ്ടാഴിയിലേക്ക് പോകാന്‍ തടയണയിലൂടെ കയറി. എന്നാല്‍ രാത്രിയായതിനാല്‍ വെള്ളം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഒഴുക്കില്‍പ്പെട്ടതോടെ കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേരും രക്ഷപ്പെട്ടെങ്കിലും കാര്‍ പുഴയില്‍ നിന്നും കരകയറ്റാനായിട്ടില്ല.

മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ പലഭാഗത്തും നടന്നിട്ടുണ്ട്. മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ പലഭാഗത്തും നടന്നിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബറില്‍ കാഞ്ഞങ്ങാട് നിന്നും തളിപ്പറമ്പിലേക്ക് വന്ന കാറും സമാന രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് അന്ന് കാര്‍ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.