കോഹ് ലിയെ പിന്നിലാക്കി ; വേഗത്തിൽ 2000 ഏകദിന റൺസ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സ്മൃതി മന്ദാന


മുംബൈ: ഏകദിന ക്രിക്കറ്റിൽ 2000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ വനിതാ താരം സ്മൃതി മന്ദാന. വിൻഡീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിൽ നേടിയ അർദ്ധ സെഞ്ച്വറിയോടെയാണ് 2000 എന്ന നാഴികക്കല്ല് സ്മൃതി പിന്നിട്ടത്. 51 ഇന്നിംഗ്സുകളിൽ നിന്നാണ് സ്മൃതിയുടെ നേട്ടം.

അതേസമയം, 2000 ഏകദിന റൺസ് പിന്നിട്ടതോടെ ഈ വനിതാ താരം മറ്റൊരു റെക്കോർഡിനുകൂടി അർഹയായി. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം. ഇന്ത്യൻ നായകൻ വിരാട് കോഹ് ലി അടക്കമുള്ളവരെയാണ് സ്മൃതി പിന്നിലാക്കിയത്. 53 ഇന്നിംഗ്സുകളിൽ നിന്നാണ് കോഹ് ലി ഈ നേട്ടം സ്വന്തമാക്കിയത്. സ്മൃതിയ്ക്ക് മുന്നിലുള്ളത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ്. 48 ഇന്നിംഗ്സുകളിൽ നിന്നാണ് ധവാൻ 2000 തികച്ചത്.

ലോക ക്രിക്കറ്റിൽ വേഗത്തിൽ 2000 ഏകദിന റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് സ്മൃതി. 41 ഇന്നിംഗ്സുകളിൽ നിന്ന് നേട്ടം കൈവരിച്ച മുൻ ഓസ്‌ട്രേലിയൻ താരം ബെലിൻഡ ക്ലാർക്ക് , 45 ഇന്നിംഗ്സുകളിൽ നിന്ന് 2000 തികച്ച നിലവിലെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാന്നിങ് എന്നിവരാണ് സ്‌മൃതി മന്ദാനയ്ക്ക് മുൻപിലുള്ള വനിതാ താരങ്ങൾ.

ഏകദിന ക്രിക്കറ്റിൽ 2000 റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ താരം കൂടിയാണ് സ്‌മൃതി മന്ദാന. മിതാലി രാജ്, അഞ്ജും ചോപ്ര, ഹർമൻപ്രീത് കൗർ, ജയ ശർമ്മ എന്നിവരാണ് മന്ദാനയ്ക്ക് മുൻപ് ഈ നാഴികക്കല്ല് പിന്നിട്ട ഇന്ത്യൻ വനിതകൾ.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.