കൊച്ചിയില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണവും അറ്റകുറ്റപ്പണികളും ഒക്ടോബറോടെ പൂര്‍ത്തിയാക്കും ; ജി സുധാകരന്‍


കൊച്ചി: കൊച്ചിയിലെ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണവും അറ്റകുറ്റപ്പണികളും ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍. ഇതിനായി ഏഴു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.

കൊച്ചിയെ ഗതാഗതക്കുരുക്കിലാക്കിയ നഗരസഭാ പരിധിയിലെ നാല്‍പത്തി രണ്ട് പിഡബ്ല്യുഡി റോഡുകളിലെ തകര്‍ന്ന 15 കിലോമീറ്റര്‍ ഭാഗമാണ് ഉടന്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കുക. ഇതിനായാണ് ഏഴു കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഏറ്റവും അധികം ഗതാഗതക്കുരുക്കുള്ള അരൂര്‍-കുണ്ടന്നൂര്‍-വൈറ്റില റോഡുകളിലെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കേണ്ടത് ദേശീയ പാത അതോറിറ്റിയാണെന്നും അദ്ദേഹം അറിയിച്ചു.

മേല്‍പ്പാല നിര്‍മ്മാണവും തകര്‍ന്ന റോഡുകളും മൂലം ഗതാഗതക്കുരുക്കിലായ കുണ്ടന്നൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മന്ത്രി ജി സുധാകരന്‍ സന്ദര്‍ശിച്ചു. കുണ്ടന്നൂരില്‍ റോഡിലെ ദുരിതം ചൂണ്ടിക്കാട്ടി യാത്രക്കാര്‍ മന്ത്രിക്ക് നേരെ പ്രതിഷേധമുയര്‍ത്തി. വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

നഗരത്തിലെ തകര്‍ന്ന റോഡുകള്‍ കൂടുതലും കൊച്ചി നഗരസഭാ റോഡുകളായതിനാല്‍ ഇവയുടെയും, ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള റോഡുകളുടെയും പുനര്‍നിര്‍മ്മാണവും അറ്റകുറ്റപണികളും വൈകും. ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ ഏല്‍പ്പിക്കാനെടുക്കുന്ന കാലതാമസം മൂലം പിഡബ്ല്യുഡി റോഡുകളുടെ പുനര്‍നിര്‍മ്മാണവും വൈകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.