കൈലാസവടിവ് ശിവൻ , ഐഎസ്ആർഒ യുടെ റോക്കറ്റ് മാൻ ; ഭാരതീയരുടെ സ്വപ്നമാണ് താങ്കളുടെ ഹൃദയത്തിൽ , കണ്ണ് നിറയരുത്


ബംഗളൂരു ; നക്ഷത്രങ്ങൾ കാവലിരിക്കുന്ന രാത്രികളിൽ കണ്ണെത്താ ദൂരം പടർന്ന് കിടക്കുന്ന ചോളപ്പാടങ്ങൾക്കപ്പുറം കണ്ണിമ ചിമ്മാതെ ആകാശത്തിന്റെ സൗന്ദര്യം ആസ്വദിച്ച കൈലാസവടിവ് ശിവൻ . കർഷകനായിരുന്ന കൈലാസവടിവ് നാടാരുടെ മകന് പഠിപ്പിന്റെ ഭാഗം മാത്രമായിരുന്നില്ല ആ ആസ്വാദനം മറിച്ച് വിശപ്പ് അറിയാതിരിക്കാനുള്ള മാർഗ്ഗം കൂടിയായിരുന്നു .

ഭാരതത്തിന്റെ സ്വപ്ന പദ്ധതി ചന്ദ്രയാൻ 2 അവസാന നിമിഷം പാളിയതിന്റെ പേരിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയര്‍മാനായ ശാസ്ത്രജ്ഞന്റെ കണ്ണ് നിറഞ്ഞപ്പോൾ ആ ദുഖം ഏറ്റെടുത്തത് രാജ്യമൊന്നാകെയാണ് .

കന്യാകുമാരിയിലെ തരക്കൻവിളയിൽ കൈലാസവടിവ് നാടാരുടെയും ,ചെല്ലമ്മാളിന്റെയും മകനായ ശിവൻ സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാഗർകോവിൽ ഹിന്ദു കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി.

ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകൾക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയിൽനിന്ന് 1980ൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്‍സിയിൽ നിന്ന് 1982ൽ എയ്റോസ്പേസ് എൻജിനീയറിങ് ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയിൽ നിന്ന് 2006ൽ പിഎച്ച്ഡിയും സ്വന്തമാക്കി.

തുടർച്ചയായി ജിഎസ് എൽ വിയുടെ വിക്ഷേപണം പരാജയപ്പെട്ട കാലം 2011 – ജിഎസ്എൽവി പ്രോജക്ട് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത ശിവൻ, തദ്ദേശീയമായ ഉപഗ്രഹ വിക്ഷേപണ വാഹനത്തിൽ ക്രയോജനിക് എൻജിൻ ഉപയോഗിച്ച് വിജയത്തിലേക്ക് കുതിച്ചു .

1982ൽ ആണ് ശിവന്‍ ഐഎസ്ആർഒയിൽ പിഎസ്എൽവി പ്രോജക്ടിൽ ചേർന്നത്. വൈകാതെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായി. 2014 ജൂലൈ മുതൽ 2015 മേയ് വരെ എൽപിഎസ്‌സി ഡയക്ടറായിരുന്നു. ആ വർഷം തന്നെ ജൂണിൽ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനത്തെത്തി . കഴിഞ്ഞ വർഷം ജനുവരിയിൽ ഐഎസ്ആർഒ യുടെ തലപ്പത്തേയ്ക്ക് .

ഇസ്റോ ചെയര്‍മാനായ ശേഷം നല്‍കിയ അഭിമുഖത്തില്‍ ശിവൻ പറഞ്ഞ വാക്കുകൾ ഇന്നും പ്രസക്തമാണ് . ‘ ശാസ്ത്രം ഇത്ര വികസിച്ചിട്ടും നമുക്ക് അറിയാത്ത എത്രയോ കാര്യങ്ങൾ പ്രപഞ്ചത്തിൽ നടക്കുന്നില്ലേ? അതു നടത്തുന്ന ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു, ആ ശക്തിയെ ബഹുമാനിക്കുന്നു’– ശിവൻ പറഞ്ഞു .

ചന്ദ്രോപരിതലത്തിലെ സോഫ്റ്റ്‌ ലാൻഡിങ് ദൗത്യങ്ങളിൽ 37% മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വൻശക്തികളുടെ ഒട്ടേറെ ലാൻഡർ ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും വിജയം കണ്ടില്ല .

ചന്ദ്രയാൻ 2 ഭാഗികമായി പരാജയപ്പെട്ടെങ്കിലും ലോകത്തെ വൻ കിട രാജ്യങ്ങളായ യു എസ് , റഷ്യ , ചൈന എന്നിവയ്ക്കൊപ്പം ആ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കാനുള്ള കഴിവ് . അതാണ് ഐ എസ് ആർ ഒ യേയും , അതിന്റെ തലപ്പത്തുള്ള കൈലാസ വടിവ് ശിവൻ എന്ന മനുഷ്യനേയും ഭാരതീയരുടെ മനസ്സിനോട് ചേർത്ത് നിർത്തുന്നത് .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.