കേരളത്തിന്‌ കൈത്താങ്ങായി നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി; സാലറി ചലഞ്ചിലൂടെ സമാഹരിച്ചത്‌ 1205.18 കോടി രൂപ l KAIRALINEWSONLINE.COM |


ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കാതെ മുന്നേറാൻ കേരളത്തിന്‌ കൈത്താങ്ങാവുന്നത്‌ നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി. പ്രളയാനന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് നട്ടെല്ലാകുന്നത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ പ്രവാഹമാണ്‌. വലുപ്പചെറുപ്പമില്ലാതെ ഒഴുകിയെത്തിയ സഹായങ്ങളുടെ നന്മ വിനിയോഗത്തിലും ഉറപ്പിക്കുകയാണ്‌ സംസ്ഥാന സർക്കാർ.

കഴിഞ്ഞ വർഷത്തെ പ്രളയസമയത്ത്‌ മുഖ്യമന്ത്രി ആഹ്വാനം ചെയ്‌ത സാലറി ചലഞ്ചിൽ സമാഹരിച്ചത്‌ 1205.18 കോടി രൂപ. വ്യക്തികളിലും സ്ഥാപനങ്ങളിൽനിന്നുമുള്ള സംഭാവന 2,675.71 കോടിയും. ഉത്സവബത്ത സംഭാവന ഇനത്തിൽ 117.69 കോടിയും മദ്യസെസ്‌ വഴി 308.68 കോടിയും ലഭിച്ചു.

പ്രളയാനന്തരം അടിയന്തര സഹായമായി 7,37,475 പേർക്ക് 457.23 കോടി രൂപ നൽകി. 10,000 രൂപവരെ 6.9 ലക്ഷം കുടുംബങ്ങൾക്ക്‌ ലഭ്യമാക്കി. തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണിക്കും പുനർനിർമാണത്തിനും 1318.61 കോടി രൂപ അനുവദിച്ചു. 15 ലക്ഷത്തിലേറെ പേരെയാണ്‌ മാറ്റിപാർപ്പിച്ചത്‌. ഇതിനായി പതിനായിരത്തിലധികം ക്യാമ്പ്‌ തുറന്നു. 6,93,287 വീടുകൾ താമസയോഗ്യമാക്കി. പകർച്ചവ്യാധികളെ നേരിടാൻ കൈമെയ്‌ മറന്ന്‌ ഇടപ്പെട്ടു. മുന്നുലക്ഷം കിണറുകൾ ഉൾപ്പെടെ പ്രളയബാധിത മേഖലയിലെ മുഴുവൻ ജലസ്രോതസുകളും അണുവിമുക്തമാക്കി. മൂന്നുദിവസം കൊണ്ട് വീട്ടുമൃഗങ്ങൾ ഉൾപ്പെടെ 14,657 ജീവികളുടെ ശവശരീരം സുരക്ഷിതമായി മറവുചെയ്തു. ആയിരക്കണക്കിന് ടൺ ഖരമാലിന്യങ്ങൾ നീക്കം ചെയ്തു. പ്രളയാനന്തരമുണ്ടാവേണ്ട മാരകങ്ങളായ പകർച്ചവ്യാധികളെ അതിജീവിച്ചു.

25 ലക്ഷം വൈദ്യുതി ബന്ധങ്ങൾ വളരെ സുരക്ഷിതമായി പുനഃസ്ഥാപിച്ചു. സന്നദ്ധ പ്രവർത്തനത്തിനൊപ്പമുണ്ടായ ചെലവെല്ലാം ദുരിതാശ്വാസ നിധിയിൽനിന്ന്‌ വഹിച്ചു. പ്രഖ്യാപിച്ചതും നിശ്ചിത സമയത്തിനുള്ളിൽ നൽകേണ്ടുതമായ ചെലവിനത്തിൽ 730.05 കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌. മൂന്ന് ലക്ഷം കർഷകർക്ക് 200 കോടി രൂപയുടെ ആശ്വാസ സഹായം നൽകി. കന്നുകാലികൾ നഷ്ടപ്പെട്ട 27,363 കുടുംബങ്ങൾക്ക് 21.70 കോടി രൂപ ലഭിച്ചു. പൂർണമായും തകർന്ന 15,079 വീട്‌ പുനർനിർമിക്കുന്നു. നാലുലക്ഷം രൂപ വീതമാണ്‌ സഹായം. തുക നിർമാണ പുരോഗതിക്കനുസരിച്ച്‌ ഗഡുക്കളായി നൽകുന്നു. പ്രളയത്തിൽ തകർന്ന 7602.3 കിലോമീറ്റർ റോഡ്‌ പുനർനിർമിച്ചു. കേരള ഉജ്ജീവൻ വായ്‌പാ പദ്ധതിയിൽ കുടുംബശ്രീ വഴി 1,44,947 കുടുംബത്തിന്‌ 1273.98 കോടി രൂപയുടെ വായ്‌പ അനുവദിച്ചു.

ഇതിന്റെ പലിശ ദുരിതാശ്വാസ നിധിയിൽനിന്നാണ്‌ നൽകുന്നത്‌. പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്ക്‌ ചുരുങ്ങിയത്‌ മൂന്നു വർഷമെങ്കിലും വേണ്ടിവരുമെന്നാണ്‌ വിലയിരുത്തൽ. അതിനാൽത്തന്നെ ദുരിതാശ്വാസനിധിയിലെ ശേഷിക്കുന്ന തുകയുടെ ഒരു ഭാഗം ഹ്രസ്വകാല നിക്ഷേപമായി ബാങ്കുകളിൽ സൂക്ഷിക്കുകയാണ്‌. ആവശ്യാനുസരണം പിൻവലിക്കും. ഈ നിക്ഷേപത്തിന്റെ പലിശയും ദുരിതാശ്വാസനിധിയിലേക്ക്‌ എത്തും. –

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.