കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയില്‍ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും അംഗമാകാം: മുഖ്യമന്ത്രി | Kerala | Deshabhimani
തൃശൂര്‍ > കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയില്‍ ഇനി മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കൂടി അംഗമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂരില്‍ കെഎസ്എഫ്ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസിച്ചിട്ടിക്ക് പ്രവാസികളില്‍നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രം പോര, രാജ്യത്തിലെ മറ്റ് സംസ്ഥാനത്തുള്ളവര്‍ക്കും കൂടി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് വ്യാപിപ്പിക്കുന്നത്. .നവകേരളത്തിന്റെ ഭാഗമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വലിയ പങ്കാണ് കെ.എസ്.എഫ്.ഇക്ക് വഹിക്കാനാവുക. കെ.എസ്.എഫ്.ഇ ചിട്ടിയില്‍ നിക്ഷേപിക്കുന്ന പണം നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവനയായാണ് മാറുന്നത്. കേരളത്തിന് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാവുന്ന ഒരു സാമ്പത്തിക മാതൃകയായിത്തന്നെയാണ് കെ.എസ്.എഫ്.ഇ .നില്‍ക്കുന്നത്. സാമ്പത്തിക സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയില്‍ മാത്രമേ നന്നാവൂ എന്ന് പറയുന്നവര്‍ സഹകരണ സ്ഥാപനങ്ങളെയും കെ.എസ്.എഫ്.ഇയേയും പഠിച്ച് എന്താണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്ന് മനസ്സിലാക്കണം.

മൂന്നര വര്‍ഷം മുമ്പ് കെ.എസ്.എഫ്.ഇയുടെ ലാഭം 236 കോടി രൂപയായിരുന്നു. അത് ഇന്ന് 445 കോടിയായി വര്‍ധിച്ചു. മൊത്തം ആസ്തിയില്‍ 240 കോടിയുടെ വര്‍ധനവുണ്ടായി. കേരളത്തിലെ മിക്ക പ്രധാന കേന്ദ്രങ്ങളിലും കെ.എസ്.എഫ്.ഇയുടെ ശാഖകളുണ്ട്. ഗ്രാമങ്ങളില്‍ ശാഖ ആരംഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചിട്ടിയില്‍ പകുതിയിലധികം കെ.എസ്.എഫ്.ഇയുടേതാണ്. അതിനാലാണ് കെ.എസ്.എഫ്.ഇ നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് ആധുനിക സൗകര്യങ്ങളുള്ള കോള്‍ സെന്ററുകള്‍ കെ.എസ്.എഫ്.ഇക്കുണ്ട്. ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. ഇതോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും യാഥാര്‍ഥ്യമാവുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കെ.എസ്.എഫ്.ഇയുടെ സേവനങ്ങള്‍ എളുപ്പമുള്ളതാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.