കുളത്തുപുഴയില്‍ യുവാവിന് കുത്തേറ്റ സംഭവം; പിന്നില്‍ ബന്ധുവായ യുവതിയും ഭര്‍ത്താവും സുഹൃത്തും


കുളത്തുപുഴ: കുളത്തുപ്പുഴയില്‍ യുവാവിന് മാരകമായി കുത്തേറ്റ കേസില്‍ വഴിത്തിരിവ്.  യുവതിയും ഭര്‍ത്താവും കൂട്ടാളിയും ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ആക്രമണത്തില്‍ പരിക്കേറ്റ സൂര്യരാജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ സ്വയംരക്ഷക്കായി യുവാവിനെ കുത്തുകയായിരുന്നുവെന്ന് പറഞ്ഞ് ജയ എന്ന യുവതി രംഗത്തെത്തിയിരുന്നു. യുവതിയുടെ ഈ മൊഴി മൊഴി വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

കുളത്തുപ്പുഴ ആര്‍ പി എല്‍ എസ്റ്റേറ്റില്‍ ആക്രമിക്കാന്‍ എത്തിയ യുവാവിനെ മുളകുപൊടി എറിഞ്ഞ ശേഷം ജയ കുത്തി വീഴ്ത്തുകയായിരുന്നുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, സൂര്യരാജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതകളുടെ ചുരുളഴിഞ്ഞത്. സൂര്യരാജിന്‍റെ ശരീരത്ത് ഏഴോളം മുറിവുകളേറ്റതില്‍ സംശയം തോന്നിയ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി വിശദമായ മൊഴി രേഖപ്പെടുത്തി. തന്നെ ആക്രമിച്ചത് ജയയും ഭര്‍ത്താവ് കണ്ണനും ഇയാളുടെ സുഹൃത്തായ ലാലു എന്നായാളും ചേര്‍ന്നാണ് എന്ന് സൂര്യരാജ് മൊഴി നല്‍കി.

അന്വേഷണത്തില്‍ ഇതില്‍ വസ്തുതയുണ്ടെന്ന്‍ തെളിഞ്ഞതോടെ ജയ, ഭര്‍ത്താവ് കണ്ണന്‍, കൂട്ടാളി ലാലു എന്നിവര്‍ക്കെതിരെ എതിരെ വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ജയയും ഭര്‍ത്താവും പിടിയിലായിട്ടുണ്ട്. ലാലു ഒളിവിലാണ്. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി സതികുമാര്‍ പറഞ്ഞു. തമിഴ്നാട് സ്വദേശിയായ ലാലു നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ് എന്ന സൂചനയുമുണ്ട്.

സൂര്യരാജും ബന്ധുവായ ജയയും തമ്മില്‍ നാളുകളായി വസ്തു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പുനലൂര്‍ സിവില്‍ കോടതിയില്‍ ഇതുസംബന്ധിച്ച കേസും നിലവിലുണ്ട്. കഴിഞ്ഞ ദിവസം തന്നെ ആക്രമിക്കാന്‍ സൂര്യരാജ് എത്തിയെന്നും രക്ഷപെടാന്‍ മുളക്പൊടി എറിഞ്ഞു കുത്തി വീഴ്ത്തുകയായിരുന്നു എന്നുമാണ് പിടിയിലായ ജയ ആദ്യം പോലീസിന് മൊഴി നല്‍കിയത്. സംഭവ ദിവസം ജയയുടെ വീട്ടിലെത്തിയ സൂര്യരാജിനെ മുളകുപൊടി എറിഞ്ഞ ശേഷം മൂവരും ചേര്‍ന്നാണ് ആക്രമിച്ചതെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

Last Updated 16, Aug 2019, 12:22 AM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.