കുളത്തില്‍ മുങ്ങിത്താഴ്ന്ന ബാലന് പുതുജന്മം; രക്ഷകരായത് പൊലീസ്‌ആലപ്പുഴ > അമ്പലക്കുളത്തില്‍ മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന് രക്ഷകരായി കേരള പൊലീസ്. ആലപ്പുഴ കളര്‍കോട് ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ കുതിരപ്പന്തി സ്വദേശിയായ 12 വയസുള്ള മുഹമ്മദ് ഇര്‍ഫാനാണ് കാല്‍ വഴുതി കുളത്തിന്റെ ആഴങ്ങളിലേയ്ക്ക് പതിച്ചത്. ഇതിനിടെ ഇതുവഴി പെട്രോളിങിനെത്തിയ പൊലീസ് സംഘം കുളത്തിനടുത്ത് കുട്ടികള്‍ കരഞ്ഞു നിലവിളിക്കുന്നത് ശ്രദ്ധിച്ചത്. തിരക്കിയപ്പോഴാണ് ഇര്‍ഫാന്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നതായി മനസ്സിലായത്.

ഉടന്‍തന്നെ യൂണിഫോമിലായിരുന്ന പൊലീസുദ്യോഗസ്ഥര്‍ കുളത്തിലേക്ക് ചാടി തിരച്ചില്‍ നടത്തുകയും മുഹമ്മദ് ഇര്‍ഫാനെ രക്ഷപ്പെടുത്തുകയും ചെയ്തു. അബോധാവസ്ഥയിലായിരുന്ന ഇര്‍ഫാനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു അല്‍പം വൈകിയിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്ന ഇര്‍ഫാന് പുതുജന്‍മം നല്‍കിയത് പൊലീസുകാരുടെ അവസരോചിതവും ധീരവുമാര്‍ന്ന പ്രവര്‍ത്തനമായിരുന്നു.

സബ് ഇന്‍സ്പെക്ടര്‍ എസ് ദ്വിജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ മോഹന്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റോബിന്‍സണ്‍, ബിനുകുമാര്‍, മണികണ്ഠന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ കേരള പൊലീസ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.


Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.