കുത്തൊഴുക്കിനെ അതിജീവിച്ച് പുനര്‍നിര്‍മാണം; തോറ്റുമടങ്ങി വെള്ളപ്പൊക്കം
പാലക്കാട് > നിനച്ചിരിക്കാതെ വീണ്ടുമെത്തിയ വെള്ളപ്പൊക്കത്തെ സര്‍ക്കാര്‍ തണലില്‍ അതിജീവിച്ച ആശ്വാസത്തിലാണ് പാലക്കാട് ശംഖുവാരത്തോട് നിവാസികള്‍. കഴിഞ്ഞ പ്രളയത്തില്‍ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍ വീട് തകര്‍ന്നവര്‍ ഇന്ന് സുരക്ഷിതമായ വീടുകളിലാണ്. കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച വീടുകളില്‍ വെള്ളം കയറാതെ മാറിനിന്നു. 

ശംഖുവാരത്തോട് തോടിനോട് ചേര്‍ന്നിരിക്കുന്ന വീടുകളില്‍ കഴിഞ്ഞ തവണ വെള്ളം ഇരച്ചുകയറി എല്ലാം നശിച്ചിരുന്നു. വീട് തകര്‍ന്നവര്‍ക്ക് സംസ്ഥാന സഹകരണ വകുപ്പ് മേല്‍നോട്ടത്തില്‍  ‘കെയര്‍ഹോം’ പദ്ധതിയില്‍ പുതിയ  വീടുകള്‍ നിര്‍മിച്ചുനല്‍കി. കഴിഞ്ഞ തവണ വെള്ളംകയറിയ സ്ഥലങ്ങളില്‍ തന്നെയാണ് വീട് നിര്‍മിച്ചുനല്‍കിയതെങ്കിലും കൂടുതല്‍ ഉയര്‍ത്തിയതിനാല്‍ ഇരമ്പിപ്പാഞ്ഞെത്തിയ വെള്ളം മുറ്റംവരെ മാത്രമാണ് എത്തിയത്. 

ഉയര്‍ന്ന കോണ്‍ക്രീറ്റ് തൂണുകളില്‍ നിര്‍മിച്ചതിനാലാണ് വീടുകള്‍ വെള്ളപ്പൊക്കത്തെ അതിജീവിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ഒട്ടുമിക്കവയും പൂര്‍ത്തിയാക്കി. ഫെബ്രുവരിയില്‍ താമസംതുടങ്ങി.  കഴിഞ്ഞ പ്രളയത്തില്‍ ഇടിഞ്ഞുവീണ വീട്ടില്‍നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ട  ഷാഹുല്‍ഹമീദ്– ജോഗറബീവി ദമ്പതികളും മക്കളും കൊച്ചുമക്കളും അടങ്ങുന്നവര്‍ ഇന്ന് മനോഹരമായ പുതിയ വീട്ടിലാണ്. നാല് അടിയോളം ഉയര്‍ത്തി നിര്‍മിച്ച വീടിന്റെ മുറ്റംവരെ മാത്രമേ ഇത്തവണ വെള്ളം കയറിയുള്ളൂ. സക്കീന, ജബാര്‍, ചന്ദ്രിക, അസി ഉമ്മ എന്നിവരും വെള്ളത്തിന്റെ കുത്തൊഴുക്കിനെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള സുരക്ഷിത വീടുകളിലാണ്. അസി ഉമ്മയുടെ വീട് പത്തടിയോളം ഉയരത്തിലുള്ള കോണ്‍ക്രീറ്റ് തൂണുകളിലാണ് നിര്‍മിച്ചത്.  ആര്‍ത്തലച്ചെത്തിയ വെള്ളം മുറ്റംവരയെത്തി മടങ്ങിയ ആശ്വാസത്തിലാണ് ഖദീജ. വെള്ളം കയറിയാലും ഇടിഞ്ഞുവീഴാത്ത വീട് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖദീജപറഞ്ഞു.

കാലങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച സംരക്ഷണഭിത്തിയുടെ അവശിഷ്ടങ്ങള്‍ കെട്ടിക്കിടക്കുന്നതാണ് തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാന്‍ കാരണമെന്ന് പരിസരവാസികള്‍ പറഞ്ഞു. മലമ്പുഴ മലനിരകളില്‍നിന്ന് വരുന്നവെള്ളം ഇപ്പോഴും കലങ്ങിമറിഞ്ഞാണ് ശംഖുവാരത്തോട് നിറഞ്ഞൊഴുകുന്നത്. ജില്ലയില്‍ 187 വീടാണ് കഴിഞ്ഞ പ്രളയശേഷം സഹകരണവകുപ്പിന്റെ  കെയര്‍ഹോം പദ്ധതിയിലൂടെ പുനര്‍നിര്‍മിച്ചത്. 19 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.


Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.