‘കുടിവെള്ളപ്പോരി’ൽ ഐസകിന് ഒളിയമ്പ്; കിഫ്ബിക്കെതിരെ പൊട്ടിത്തെറിച്ച് ജി സുധാകരൻ


ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ളപ്രശ്നത്തിലൂന്നി തോമസ് ഐസക് – ജി സുധാകരന്‍ പോര് പൊട്ടിത്തെറിയിലേക്ക്. പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറിയെന്ന് ഐസക്കിനെ ഉന്നംവച്ച് സുധാകരന്‍ തുറന്നടിച്ചു. അരൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിക്കുത്തരവാദി ജി സുധാകരനാണെന്ന് പറഞ്ഞ് സുധാകരന്‍ പക്ഷത്തിനെതിരെ മറുപക്ഷം കടന്നാക്രമണം ശക്തമാക്കുമ്പോഴാണ് തോമസ് ഐസക്കിനെയും ധനവകുപ്പിനെയും സുധാകരന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

അരൂരിലെ തോല്‍വിക്ക് കാരണം ജി സുധാകരന്‍റെ പൂതന പരാമര്‍ശമാണെന്ന് ഒരു വിഭാഗം വ്യാപക വിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്നാണ് ആലപ്പുഴയില്‍ ഗ്രൂപ്പ് പോര് കനത്തത്. കുടിവെള്ളപ്രശ്നം വഷളായതോടെ ഗ്രൂപ്പ് പോര് അതില്‍ പിടിച്ചായി. കിഫ്ബി ഉദ്യോഗസ്ഥരുടെ പിടിപ്പ്കേടാണ് പ്രശ്നത്തിനാധാരമെന്ന് പറഞ്ഞ് തുടങ്ങിയ സുധാകരന്‍ പരസ്യ വിമര്‍ശനത്തിലുടെ ധനവകുപ്പിനെ ഇന്ന് ചോദ്യം ചെയ്തു. 

സിഎജി ഓഡിറ്റിലെ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞ ആരോപണങ്ങളാണ് എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രി തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നത്. കിഫ്ബിയില്‍ യാതൊരു ക്രമക്കേടുമില്ലെന്ന് മുഖ്യമന്ത്രി പലവട്ടം സഭയില്‍ പറഞ്ഞിരുന്നു. മന്ത്രി ജി. സുധാകരന്‍റെ ഇന്നത്തെ വിമര്‍ശനം മുഖ്യമന്ത്രിയുടെ വാക്കുകള്‍ പോലും തള്ളിക്കളയുന്നതാണ്.

”കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ പിഡബ്ല്യുഡി മനസ്സിലാക്കേണ്ടതും മനസ്സിലാക്കാത്തതുമായ ഒരു കാര്യം ഞാനിപ്പോൾ പറഞ്ഞുതരാം. നിങ്ങൾക്കിതിലൊന്നും ചെയ്യാനില്ല. നിങ്ങളെന്ത് ചെയ്താലും കിഫ്ബിയിലിരിക്കുന്ന ഉദ്യോഗസ്ഥരത് വെട്ടും. നിങ്ങൾ പിന്നേം അയച്ചാലും വെട്ടും. പദ്ധതി വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെയാണ് അവിടത്തെ ഉദ്യോഗസ്ഥർ. പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്ത് പദ്ധതി കൊടുത്താലും കിഫ്ബിയിലെ ഉദ്യോഗസ്ഥർ തളളുന്ന സ്ഥിതിയാണ്. ഫിനാൻസ് ഉദ്യോഗസ്ഥരെ പിഡബ്ള്യുഡിയ്ക്ക് അകത്ത് നിയമിക്കണം നിങ്ങള്. അത് ചെയ്യില്ലല്ലോ. ഫിനാൻസിലെ ഉദ്യോഗസ്ഥർ പാരാവാരം പോലത്തെ സ്ഥലത്ത് എവിടേലുമല്ലല്ലോ പോയി ഇരിക്കണ്ടത്”

ജി സുധാകരൻ പൊട്ടിത്തെറിക്കുന്നു. 

എന്നാല്‍ ആലപ്പുഴയിലെ കുടിവെള്ള പ്രശ്ന വിഷയത്തില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് പങ്കൊന്നുമില്ലെന്ന് മന്ത്രി തോമസ് ഐസക് പറയുന്നു.

”കിഫ്ബിയുടെ റോഡാണ്. ആ പ്രോജക്ട് കമ്മീഷൻ ചെയ്തിട്ടില്ല. എന്ന് വച്ച് കുടിവെള്ളം മുട്ടാൻ പറ്റില്ലല്ലോ. അതുകൊണ്ട്, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും”, എന്ന് ഐസക്. 

വര്‍ഷങ്ങളായി ആലപ്പുഴ പാര്‍ട്ടിയില്‍ തുടരുന്ന ഗ്രൂപ്പ് പോരാണ് പുതിയ തലത്തിലേക്കെത്തിയിരിക്കുന്നത്. തോമസ് ഐസക് നേതൃത്വം കൊടുക്കുന്ന ഒരു വിഭാഗത്തിനെതിരെ ജി സുധാകരന്‍ നിലകൊള്ളുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണ ഇതുവരെ സുധാകരനൊപ്പമായിരുന്നു. പക്ഷേ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയെ തന്നെ ഗ്രൂപ്പ് വഴക്ക് വച്ച് മന്ത്രി ജി സുധാകരന്‍ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയടക്കം എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.

Last Updated 10, Nov 2019, 3:23 PM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.