കാട്ടിൽവിട്ട പുലി വീണ്ടും കൂട്ടിൽ | Kerala | Deshabhimani


ബത്തേരി > ഒരാഴ‌്ച മുമ്പ‌് മയക്കുവെടിവച്ച‌് പിടികൂടിയശേഷം കാട്ടിൽ വിട്ടയച്ച പുള്ളിപ്പുലി വീണ്ടും നാട്ടിലെത്തിയതിനെ തുടർന്ന‌് മയക്കു വെടിവച്ച‌് പിടികൂടി. മുത്തങ്ങ ഫോറസ‌്റ്റ‌് റെയിഞ്ചിലെ പൊൻകുഴി പണിയ കോളനിയിൽനിന്നാണ‌് ശനിയാഴ‌്ച രാവിലെ ഏഴിന‌്  വനംവകുപ്പ്‌ ഏഴ‌് വയസ്സുള്ള ആൺപുലിയെ  മയക്കുവെടിവച്ച‌് പിടികൂടിയത‌്.

വെള്ളിയാഴ്‌ച വൈകിട്ട‌് ഏഴോടെ കോളനി പരിസരത്ത‌് എത്തിയ പുലി കോളനിയിലേക്ക‌് നടന്നുപോവുന്ന വിനീഷിന്റെ (29) ദേഹത്തേക്ക‌് ചാടിവീണ‌് മാന്തിപ്പരിക്കേൽപ്പിച്ചു.  കോളനിവാസികൾ വിനീഷിനെ  ബത്തേരി താലൂക്ക‌് ആശുപത്രിയിൽ എത്തിച്ച‌് ചികിത്സ നൽകി. ഇതിനിടെ എട്ടോടെ വീണ്ടും കോളനിയിൽ എത്തിയ പുലി അവിടെ തന്നെ രാത്രി മുഴുവൻ കിടന്നു. വിവരം അറിഞ്ഞ‌് മുത്തങ്ങ അസി. വൈൽഡ‌് ലൈഫ‌് വാർഡൻ പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലകരും ബത്തേരി പൊലീസും സ്ഥലത്ത‌് കാവൽ ഏർപ്പെടുത്തി. ഞായറാഴ‌്ച രാവിലെ ഏഴിന‌് വനം വകുപ്പ‌് സീനിയർ വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയ പുലിയെ മയക്കുവെടിവച്ചു.  മയങ്ങിവീണ പുലിയെ വലയിലാക്കിയ ശേഷം പിന്നീട‌് കൂട്ടിലാക്കി ബത്തേരിയിലെ വനംവകുപ്പിന്റെ വെറ്ററിനറി ലാബിലെത്തിച്ചു. കഴിഞ്ഞ അഞ്ചിന‌ാണ‌് ഇരുളത്തിനടുത്ത മാതമംഗലം ഗ്രാമത്തിൽ ഭീതിവിതച്ച പുള്ളിപ്പുലിയെ ചെട്ടിപ്പാമ്പ്ര ബൊമ്മൻ കോളനിയിൽനിന്നും മയക്കുവെടിവച്ച‌് പിടികൂടിയത‌്.

ഡോ. അരുൺ സക്കറിയ തന്നെയാണ‌് ഇവിടെയും പുലിയെ മയക്കുവെടിവച്ചത‌്. വനം വകുപ്പിന്റെ വെറ്ററിനറി ലാബിൽ കൂട്ടിൽക്കിടന്ന പുള്ളിപ്പുലിയെ രണ്ട‌ുദിവസത്തെ പരിശോധനകൾക്കും നിരീക്ഷണത്തിനുംശേഷമാണ‌് വന്യജീവി വിഭാഗം  സിസിഎഫിന്റെ ഉത്തരവ‌് പ്രകാരം പൊൻകുഴി വനത്തിൽ തുറന്നുവിട്ടത‌്. കഴിഞ്ഞ മൂന്ന‌ുദിവസത്തിനിടെ പൊൻകുഴി കോളനിയിലെ വളർത്തുമൃഗങ്ങളായ ആടിനെയും നായയെയും പുലി കൊന്നിരുന്നു.  കാട്ടിൽ വിട്ടയച്ചാൽ വീണ്ടും നാട്ടിൽ തിരിച്ചെത്തും എന്ന നിഗമനത്തിൽ പുലിയെ മൃഗശാലയിലേക്ക‌് എത്തിക്കാനാണ‌് വനം വകുപ്പിന്റെ ശ്രമം.

 

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.