കളി കാര്യമായി; സഹപാഠിയുടെ അടിയേറ്റ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു


മധുര: ക്ലാസിലെ ഉച്ചഭക്ഷണ സമയത്ത് സഹപാഠികൾ തമ്മിലുണ്ടായ അടിപിടി അവസാനിച്ചത് ഇതിലൊരാളുടെ മരണത്തിൽ. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. മരിച്ച വിദ്യാർത്ഥിയെ അടിച്ച സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

തേനി കംബാർ സ്ട്രീറ്റിലെ എം തിരുമൽ (17) ആണ് മരിച്ചത്. അല്ലിനഗരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയ തിരുമൽ ഒന്നരയോടെ തിരിച്ചെത്തി. ഇതിന് ശേഷം ചങ്ങാതിമാർ തമ്മിൽ തമാശയ്ക്ക് തുടങ്ങിയ അടിപിടിക്കിടെ തിരുമൽ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. 

വിദ്യാർത്ഥികൾ തിരുമല്ലിനെ ക്ലാസിന് പുറത്തേക്ക് എടുത്തുകൊണ്ടുവന്നു. സംഭവമറിഞ്ഞെത്തിയ അദ്ധ്യാപകർ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില അപകടകരമാണെന്നും അതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണം എന്നും പറഞ്ഞു. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും വിദ്യാർത്ഥി മരിച്ചിരുന്നു. 

തിരുമലിന്റെ മരണത്തിന് കാരണക്കാരനായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും ഉപരോധ സമരം നടത്തി. രണ്ട് മണിക്കൂറിന് ശേഷം വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് സമരം അവസാനിപ്പിച്ചത്.

Last Updated 12, Oct 2019, 7:39 PM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.