കളിയാക്കലിന് പുതിയ നയവുമായി പാകിസ്ഥാന്‍, അഭിനന്ദന്‍ വര്‍ധമാന്റെ പ്രതിമ പാക് വ്യോമ സേന മ്യൂസിയത്തില്‍, ഒപ്പം ചായ കപ്പും


കറാച്ചി: ഇന്ത്യയെ വിമര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കാത്ത പാകിസ്ഥാന്‍ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പ്രതിമ പാകിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധ സ്മാരക മ്യൂസിയത്തില്‍ സ്ഥാപിച്ചാണ് പുതിയ നടപടി.

പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് വാര്‍ത്തയും ചിത്രവും പുറത്ത് വിട്ടത്. വ്യോമസേനയിലെ ധീരന്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഒരു കപ്പ് ചായ കൂടി കൈയ്യില്‍ കൊടുത്തിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് ലോധി പറഞ്ഞു.

ഫെബ്രുവരിയില്‍ പാകിസ്ഥാന്റെ പിടിയിലായപ്പോള്‍ ചായ കുടിക്കുന്ന അഭിനന്ദന്‍ വര്‍ധമാന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. അതില്‍ പട്ടാളക്കാരുടെ ചോദ്യത്തിന് ‘ചായ നല്ലതാണ് നന്ദി ‘ എന്ന് മറുപടി പറയുന്നത് കാണാം. വര്‍ധമാന്റെ തൊട്ടടുത്തു തന്നെ ചായ കപ്പും മ്യൂസിയത്തില്‍ വെച്ചിട്ടുണ്ട്. ഒപ്പം ഒരു പാകിസ്ഥാന്‍ പട്ടാളക്കാരന്റെ പ്രതിമയും.

നേരത്തെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനിടെ അഭിനന്ദനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പാക് ചാനലുകളില്‍ പരസ്യം സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പാക് വ്യോമസേനയുടെ തടവറയില്‍ ഉള്ളപ്പോള്‍ എടുത്ത വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു മോശം പരാമര്‍ശം നടത്തിയത്.

ഫെബ്രുവരിയില്‍ ബലാക്കോട്ടില്‍ നടന്ന ആക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക് വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ടിരുന്നു. പടിയിലാകുന്നതിനു മുമ്പ് പാകിസ്ഥാന്റെ F-16 വിമാനത്തെ അഭിനന്ദന്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. പാക് സേനയോട് ധീരമായി നടത്തിയ പ്രതികരണങ്ങളെ വികലമായി ചിത്രീകരിച്ചാണ് ചാനല്‍ പുറത്ത് വിട്ടത്.

ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനേയും കളി തന്ത്രങ്ങളേയും ചോദിക്കുമ്പോള്‍ അയാം സോറി, അക്കാര്യം പറയാന്‍ തനിക്ക് അനുമതിയില്ല. പാക് സൈന്യം ചോദ്യം ചെയ്യുന്നതിനിടെ അഭിനന്ദന്‍ പറഞ്ഞ മറുപടി ഇതായിരുന്നു. ചായ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ചായ നല്ലതായിരുന്നുവെന്ന മറുപടിയുമാണ് പരസ്യക്കാര്‍ ഉപയോഗിച്ചത്.

പാക് പിടിയിലായ അഭിനന്ദന്‍ വര്‍ധമാന്‍ മാര്‍ച്ച് ഒന്നിനാണ് വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ തരികെ എത്തിയത്. വ്യോമസേനയുടെ വലിയ ഒരു സംഘമാണ് അഭിനന്ദനെ സ്വീകരിക്കാന്‍ അതിര്‍ത്തിയില്‍ എത്തിയത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.