ഓട്ടോ ഡ്രൈവറായ മുക്താര്‍ അബ്ബാസുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയം,അത് വിവാഹത്തിലെത്തി ,എട്ടാം മാസം മരണവും: ടെക്‌നോപാര്‍ക്ക് ജീവനക്കാരി രേഷ്മയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം : നേമത്ത് ടെക്‌നോ പാര്‍ക്ക് മുന്‍ ജീവനക്കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേമം കാരയ്ക്കാമണ്ഡപം സ്വദേശി മുക്തര്‍ അബ്ബാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് അമ്പലത്തിന്‍കര സെറ്റില്‍ മെന്റ് കോളനിയില്‍ രാജന്‍ – തുളസി ദമ്പതികളുടെ മകള്‍ രേഷ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

2019 ഫെബ്രുവരിയിലായിരുന്നു രേഷ്മയും മുക്താറും തമ്മിലുള്ള വിവാഹം. ഡ്രൈവറായ മുക്താറിന്റെ ഓട്ടോയിലെ സ്ഥിരം യാത്രക്കാരി ആയിരുന്നു രേഷ്മ. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലായി. വിവാഹ ശേഷം ഇരുവരും കാരയ്ക്കാമണ്ഡപത്തിന് സമീപത്തെ വാടക വീട്ടിലായിരുന്നു താമസം. മുക്താര്‍ മദ്യപിച്ച് സ്ഥിരമായി രേഷ്മയെ ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയിലാകുമ്പോഴും ഇയാള്‍ മദ്യപിച്ചിരുന്നു. രേഷ്മ വീടിനുള്ളില്‍ തൂങ്ങിമരിച്ചെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മുക്താര്‍ പരസ്പര വിരുദ്ധമായാണ് മൊഴി നല്‍കിയതെന്നും പരിശോധനയില്‍ ആത്മഹത്യ ചെയ്തതിന്റെ സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

സംഭവദിവസം മുക്താര്‍ യുവതിയെ വീട്ടിലേക്ക് വിളിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് ഇയാള്‍ രേഷ്മയെ തിടുക്കത്തില്‍ ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭാര്യ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്‌തെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട്  പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

രേഷ്മയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.