ഒറ്റയാവില്ല; അരുമയായി ഏറ്റെടുക്കാനാളുണ്ട്‌

കൊച്ചി> മഹാപ്രളയത്തിൽ ഒറ്റപ്പെട്ടുപോകുന്നത്‌ മനുഷ്യർ മാത്രമല്ല. അരുമയായി പരിപാലിച്ചിരുന്ന വളർത്തുമൃഗങ്ങളുമുണ്ട്‌. അവയെ സംരക്ഷിക്കാനും മൃഗസ്‌നേഹികൾക്ക്‌ കൈമാറാനുമായി കൊച്ചിയിൽ ദത്തെടുക്കൽ ക്യാമ്പ്‌. മൃഗസ്‌നേഹികളുടെ കൂട്ടായ്‌മയായ കൊച്ചിയിലെ വൺനെസ്‌ , തൃശൂർ പീപ്പിൾ ഫോർ അനിമൽസ്‌, കൂവപ്പാടം ധ്യാൻ ഫൗണ്ടേഷൻ എന്നീ സംഘടനകളുമായി ചേർന്നാണ്‌ ക്യാമ്പ്‌ നടത്തിയത്‌. 2018 ലെ പ്രളയത്തിൽപ്പെട്ട ബ്രൂട്ടസ്‌ എന്ന നായക്കുട്ടിയെ ദത്തെടുത്ത കെവിൻ പീറ്റർ ഞായറാഴ്‌ച വീണ്ടുമെത്തി.

ബ്രൂട്ടസിനു സാൻഡിയെന്ന കൂട്ടുകാരിയുമായാണ്‌ കെവിൻ മടങ്ങിയത്‌. രാജേന്ദ്രമൈതാനത്ത്‌ നടന്ന ദത്തെടുക്കൽ ക്യാമ്പിൽനിന്നാണ്‌ മൂന്നുവയസ്സുകാരിയായ നായക്കുട്ടി സാൻഡിയെ  എറണാകുളം സൗത്ത്‌ ചക്കാലയ്‌ക്കൽ വീട്ടിൽ കെവിൻ പീറ്റർ കണ്ടെത്തിയത്‌. 2018ലെ ക്യാമ്പിൽനിന്നാണ്‌ ബ്രൂട്ടസിനെ  സൈക്കോളജിസ്‌റ്റായ കെവിന്റെ സ്വന്തമാകുന്നത്‌. ഇത്തവണ  കണ്ടെത്തിയ എയ്‌ഞ്ചലിനെ  ദത്തെടുത്ത്‌ പേര്‌ മാറ്റി സാൻഡിയാക്കി.
 
തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങളെ ഉൾപ്പെടുത്തിയാണ്‌ ക്യാമ്പ്‌  സംഘടിപ്പിച്ചത്‌. 2018ൽ മംഗളവനത്തിൽ വൺനെസ്‌ ക്യാമ്പ്‌ നടത്തിയിരുന്നു. പ്രളയത്തിൽനിന്നു രക്ഷപ്പെടുത്തിയ വളർത്തുമൃഗങ്ങൾക്ക്‌ കടവന്ത്രയിലെ ഒരു വീട്ടിൽ താൽക്കാലിക അഭയകേന്ദ്രം ഒരുക്കിയിരുന്നുവെന്നും വൺനെസിന്റെ സ്ഥാപകരിൽ ഒരാളായ ഷിബിൻമാത്യു പറയുന്നു. നിരവധി പേർ തെരുവിൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാറുണ്ട്‌. ഇവയെ രക്ഷപ്പെടുത്തി സംഘടന സംരക്ഷണം ഒരുക്കും.

ദത്തെടുക്കാൻ എത്തുന്നവരുടെ വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കി രജിസ്‌ട്രേഷനു ശേഷമാണ്‌ തുടർനടപടികൾ. മൃഗസ്‌നേഹിയാണോ എന്ന്‌ ഉറപ്പുവരുത്തും. വാക്‌സിനേഷൻ നടത്തിയ ശേഷമാണ്‌ വളർത്തുമൃഗങ്ങളെ കൈമാറുന്നതെന്നും സംഘാടകർ പറഞ്ഞു. ഞായറാഴ്‌ച 15 വലിയ നായ്‌ക്കളെയും 40 പട്ടിക്കുട്ടികളെയും 28 പൂച്ചക്കുട്ടികളെയും ദത്തെടുത്തു.
 

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.