ഒരു പതിറ്റാണ്ടില്‍ 20000 റണ്‍സ്; ഇതിഹാസ താരങ്ങള്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ പറ്റാത്ത മറ്റൊരു റെക്കോര്‍ഡും കീഴടക്കി കോഹ്‌ലി മുന്നോട്ട്


പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ കീഴടക്കി അജയ്യനായി മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തോടെ ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകള്‍ കോഹ്‌ലിയുടെ പേരി പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ പരമ്പരയിലെ മൂന്നാം മത്സരത്തിലും സെഞ്ച്വറിയടിച്ച് കോഹ്‌ലി റണ്‍വേട്ട തുടര്‍ന്നപ്പോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു റെക്കോര്‍ഡിനും അദ്ദേഹം ഉടമയായി. ഒരു നൂറ്റാണ്ടില്‍ 20000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന, സാക്ഷാല്‍ സച്ചിനുപോലും അസാധ്യമായിരുന്ന നേട്ടമാണ് ഇത്തവണ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്.

ഒരു പതിറ്റാണ്ടില്‍ 18,962 റണ്‍സ് നേടിയ മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി കഴിഞ്ഞ ദിവസം മറികടന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസ്, ശ്രീലങ്കന്‍ താരങ്ങളായ മഹേല ജയവര്‍ദ്ധന, കുമാര്‍ സംഗക്കാര, ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല എന്നിവര്‍ക്ക് പോലും 10 വര്‍ഷത്തിനുള്ളില്‍ 20000 റണ്‍സ് എന്ന നാഴികക്കല്ലിലെത്താന്‍ കഴിഞ്ഞില്ല എന്നതും കോഹ്‌ലിയുടെ ബാറ്റിംഗ് മികവ് എത്രത്തോളമെന്ന് വെളിവാക്കുന്നു.

സച്ചിനുപോലും സാധിക്കാത്ത റെക്കോര്‍ഡ് കീഴടക്കിയെന്നതിലുപരി ആ സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടയിരുന്നു. മറ്റാര്‍ക്കും സാധിക്കില്ലെന്ന് ക്രിക്കറ്റ് പ്രേമികള്‍ ഉറച്ചു വിശ്വസിച്ച ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡിനോട് ഒരുപടി കൂടി അടുത്തിരിക്കുകയാണ് കോഹ്‌ലി. 49 സെഞ്ച്വറികളെന്ന ലിറ്റില്‍ മാസ്റ്ററുടെ റെക്കോര്‍ഡിന് ഇനി അധികം നാള്‍ ആയുസുണ്ടാകില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ 43 സെഞ്ച്വറികളാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്.

നായകനായ ശേഷം വെറും 76 ഇന്നിംഗ്‌സുകളില്‍ നിന്നും 21 സെഞ്ച്വറികളാണ് കോഹ്‌ലി ഇതുവരെ നേടിയത്. 220 ഇന്നിംഗ്‌സുകളില്‍ നിന്നും 22 സെഞ്ച്വറികള്‍ നേടിയ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍, ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം, ഒരു ടീമിനെതിരെ വേഗത്തില്‍ 2000 റണ്‍സ് തികക്കുന്ന ആദ്യ താരം, മൊത്തം നാല് സെഞ്ച്വറികളുമായി ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം എന്നീ റെക്കോര്‍ഡുകളെല്ലാം വിരാട് കോഹ്‌ലി എന്ന ‘റണ്‍ മെഷീനു’ മുന്‍പില്‍ കീഴടങ്ങി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.