ഐസക്കിനെതിരെ ഒളിയമ്പ്; കിഫ്ബിക്കെതിരെ ആഞ്ഞടിച്ച് സുധാകരൻ; സിപിഎമ്മിലെ ‘ആലപ്പുഴ പോര്’ പുതിയ തലത്തിലേക്ക്


തിരുവനന്തപുരം: ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരെ ഒളിയമ്പുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കിഫ്ബിക്കെതിരെ രൂക്ഷമായ വിമർശനമാണ് സുധാകരൻ ഉന്നയിക്കുന്നത്. ഐസക്കിന്റെ സ്വപ്ന പദ്ധതിയെന്ന് വിളിപ്പേരുള്ള കിഫ്ബിക്കെതിരായ സുധാരന്റെ വിമർശനം സിപിഎമ്മിലെ ആലപ്പുഴ പോരിന് പുതിയ തലം നൽകുന്നതാണ്.

പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറിയെന്ന് സുധാകരൻ പറയുന്നു. പദ്ധതി വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥർ. പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്ത് പദ്ധതി കൊടുത്താലും കിഫ്ബിയിലെ ഉദ്യോഗസ്ഥർ തളളുന്ന സ്ഥിതിയാണുള്ളത്. കിഫ്ബിയെ ഏല്‍പ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യൂഡിയ്ക്കില്ല. കൈമാറിയ റോഡുകളെക്കുറിച്ചുള്ള പരാതി പൊതുമരാമത്തിന് കേള്‍ക്കേണ്ടിവരികയാണെന്നും സുധാകരൻ പറഞ്ഞു.

കിഫ്ബിക്കെതിരായ വിമർശനത്തിലൂടെ സുധാകരൻ ലക്ഷ്യം വെക്കുന്നത് ഐസക്കിനെയാണെന്നുറപ്പ്. അരൂരിലെ തോല്‍വിക്ക് കാരണം സുധാകരന്‍റെ ‘പൂതന’ പരാമര്‍ശമാണെന്ന് ഐസക് പക്ഷം ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ കുറച്ച് നാളായി അടങ്ങി നിന്നിരുന്ന ഐസക്-സുധാകരൻ ഗ്രൂപ്പ് പോര് വീണ്ടും തലപൊക്കിയത്.

കഴിഞ്ഞ മൂന്ന് വർഷക്കാലമായി സംസ്ഥാനത്തെ റോഡ് ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി ധനവകുപ്പ് ഒരുപൈസ പോലും അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. റോഡ് നന്നാക്കാത്തതിനെ ഹൈക്കോടതി വിമർശിച്ചപ്പോഴായിരുന്നു ധനവകുപ്പിനെതിരെ സുധാരൻ രംഗത്തെത്തിയത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.