ഇന്ത്യ – ചൈന ബന്ധം ശക്തമാക്കും; സഹകരണത്തിനായി മന്ത്രിതല സംവിധാനം | National | Deshabhimani
ചെന്നൈ > വ്യാപാര,- നിക്ഷേപ മേഖലകളിലെ സഹകരണം ശക്തമാക്കാൻ  ഇന്ത്യ––ചൈന രണ്ടാം അനൗപചാരിക ഉച്ചകോടിയില്‍ ധാരണ. ഇതിലേക്ക്‌ മന്ത്രിതല  സംവിധാനം രൂപീകരിക്കും. പ്രാദേശിക, ആഗോള പ്രശ്‌നങ്ങളില്‍ പരസ്പരസഹകരണം ഉറപ്പാക്കും. പ്രതിരോധ, സുരക്ഷാമേഖലയില്‍ തന്ത്രപ്രധാന ബന്ധത്തിനും  പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിന്‍പിങ്ങും നടത്തിയ ചർച്ചയിൽ ധാരണയായി.  മാമല്ലപുരത്ത് രണ്ടുദിവസമായി അഞ്ചരമണിക്കൂറിലേറെ ചര്‍ച്ചനടത്തി. മൂന്നാം അനൗപചാരിക ഉച്ചകോടിക്കായി ചൈനയിലേക്കുള്ള ഷീ ജിന്‍പിങ്ങിന്റെ ക്ഷണം മോഡി സ്വീകരിച്ചു.  

ഇന്ത്യയുമായുള്ള വ്യാപാരകമ്മി കുറക്കാന്‍ ശക്തമായ നടപടിയെടുക്കാമെന്ന്  ഷീ ജിന്‍പിങ് ഉറപ്പുനല്‍കിയതായി വിദേശ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു.

ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇരുരാജ്യത്തേയും മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സംവിധാനം ആവിഷ്‌കരിക്കും.  നിര്‍ദിഷ്ട മേഖലാ സമഗ്രസാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക ചര്‍ച്ചചെയ്യാമെന്ന്‌ ഉറപ്പ് നല്‍കിയ ഷീ ജിന്‍പിങ്,  പ്രതിരോധമേഖലയില്‍ സഹകരണം ശക്തമാക്കണമെന്നും ചൂണ്ടിക്കാട്ടി.  ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളി ഒറ്റക്കെട്ടായി നേരിടാന്‍ ഇരുരാജ്യങ്ങളും സന്നദ്ധത അറിയിച്ചു. ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം കടന്നുവന്നില്ലെന്ന് വിജയ് ഗോഖലെ വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കമായി വളരാന്‍ അനുവദിക്കാതെ കൈകാര്യംചെയ്യുക എന്ന വുഹാന്‍ ഉച്ചകോടി തീരുമാനം പാലിക്കാനായെന്നും വിശദീകരിച്ചു.

ശനിയാഴ്ച രാവിലെ ഇരുനേതാക്കളും ഒന്നരമണിക്കൂറോളം  ചര്‍ച്ചനടത്തി. തുടര്‍ന്ന്‌ പ്രതിനിധി ചര്‍ച്ച നടന്നു.  വെള്ളിയാഴ്ച അത്താഴവിരുന്നിനിടെയും രണ്ടരമണിക്കൂറോളം ചര്‍ച്ച നടത്തി. ഷീ  ജിന്‍പിങ്ങിന്റെ മുഖം ആലേഖനം ചെയ്‌ത്‌ കോയമ്പത്തൂർ സിരുമുഗൈയിൽ  നെയ്ത വസ്ത്രവും കാഞ്ചീപുരം പട്ടുസാരിയും  മോഡി  സമ്മാനിച്ചു. ശനിയാഴ്ച ഉച്ചയോടെ ഷീ ജിന്‍പിങ്ങും സംഘവും  നേപ്പാളിലേക്ക്‌ പോയി.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.