‘ഇന്ത്യക്കാരെ മോചിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം’; ഇറാനിയൻ കപ്പലിൽ ഉണ്ടായിരുന്ന പ്രജിത്തിന്റെ അച്ഛൻ


കാസർകോട്: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കപ്പലിൽ ഉണ്ടായിരുന്ന കാസർകോട് സ്വദേശി പ്രജിത്തിന്റെ അച്ഛൻ പി പുരുഷോത്തമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കപ്പലിലുള്ളവരെ മോചിപ്പിച്ച വിവരം ഔദ്യോഗികമായി ആരും വിളിച്ചറിയിച്ചിട്ടില്ല വാർത്തയിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഇന്ന് ചർച്ച നടക്കുമെന്ന് പ്രജിത്ത് സൂചിപ്പിച്ചിരുന്നതായും പുരുഷോത്തമൻ പറഞ്ഞു. ഇറാന്റെ എണ്ണ ടാങ്കറായ ഗ്രേസ് 1 കപ്പലിൽ ഉണ്ടായിരുന്ന മൂന്ന് മലയാളികടക്കം 24 ഇന്ത്യക്കാരേയും മോചിപ്പിച്ച വിവരം വിദേശകാര്യസഹമന്ത്രി വി മുരധീരനാണ് അറിയിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചിരുന്നതായും കപ്പലിലുണ്ടായിരുന്ന മുഴുവൻ ഇന്ത്യക്കാരേയും ജിബ്രാള്‍ട്ടര്‍ അധികൃതര്‍ മോചിപ്പിച്ചതായി വിവരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. അവര്‍ക്ക് ഉടനെ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവുമെന്നും മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. 

വായിക്കാം; ഗ്രേസ് വണ്‍ കപ്പലിലെ മുഴുവന്‍ ഇന്ത്യക്കാരേയും മോചിപ്പിച്ചു: ഉടനെ ഇന്ത്യയിലേക്ക് തിരിക്കും

ഇറാന്‍റെ എണ്ണക്കപ്പലായ ഗ്രേസ് വണ്‍ ബ്രിട്ടൺ ഉടൻ മോചിപ്പാക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായി അമേരിക്ക ഈ വിഷയത്തിൽ ഇടപെട്ടു. കപ്പല്‍ വിട്ടു കൊടുക്കരുതെന്ന് അമേരിക്ക ജിബ്രാള്‍ട്ടര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബ്രിട്ടന്‍റെ അധീനതയിലുള്ള മെഡിറ്റീറിയന്‍ ഭൂപ്രദേശമാണ് ജിബ്രാള്‍ട്ടര്‍.

​ഗ്രേസ് വൺ കപ്പല്‍ വിട്ടുനല്‍കാന്‍ നേരത്തെ ബ്രിട്ടണ്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ ആണ് അമേരിക്കയുടെ അപ്രതീക്ഷിത ഇടപെടല്‍. ഇതോടെ കാര്യങ്ങൾ സങ്കീർണമാക്കുകയും കപ്പലിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക ഉയരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ മോചിപ്പിച്ചതായുള്ള വിവരം പുറത്തു വരുന്നത്. 

ജൂലൈ നാലിനാണ് ജിബ്രാള്‍ട്ടര്‍ തീരം വഴി കടന്നു പോയ ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. സിറിയയിലേക്ക് അനധികൃതമായി എണ്ണ കൊണ്ടു പോകുന്നുവെന്ന് ആരോപിച്ചാണ് കപ്പല്‍ ഇറാന്‍ പിടികൂടിയത്. ഇത് ഇറാനും ബ്രിട്ടണും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നതിന് ഇടയാക്കിയിരുന്നു. കപ്പലുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടന് കൈമാറിയെന്നും ഇതൊക്കെ ബ്രിട്ടണ്‍ അംഗീകരിച്ചതിനാല്‍ കപ്പല്‍ ഉടനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാന്‍ പോര്‍ട്സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിരുന്നു.
 

Last Updated 15, Aug 2019, 7:57 PM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.