ഇനി അഞ്ചു നാൾ , വരുന്നത് സുപ്രധാനമായ മൂന്ന് വിധികൾ കൂടി
ന്യൂഡൽഹി ; രാമജന്മഭൂമിക്കേസിനു പിന്നാലെ സുപ്രധാന മൂന്ന് കേസുകളിൽ കൂടി സുപ്രീം കോടതി ഉടൻ വിധി പറയും . നവംബർ 17 ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സ്ഥാനമൊഴിയുന്നതിനു മുൻപാണ് റഫേൽ , ശബരിമല തുടങ്ങിയ വിഷയങ്ങളിലെ വിധി വരിക .

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപ് വിധി വരും . യുവതീ പ്രവേശന വിധിയ്ക്കെതിരെ വിവിധ സംഘടനകൾ നൽകിയ പുനപരിശോധന ഹർജികളാണ് കോടതി പരിഗണിയ്ക്കുന്നത് .

ശബരിമലയിൽ യുവതീ പ്രവേശനം വിലക്കിയ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്ററെ പഴയ വിജ്ഞാപനം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു ഈ രേഖകള്‍ കോടതി ആവശ്യപ്പെട്ടത്.

പൂജ അവധിക്ക് കോടതി പിരിയുന്നതിന് തൊട്ട് മുമ്പ് ഉള്ള ദിവസങ്ങളില്‍ വിജ്ഞാപനങ്ങളുടെ പകര്‍പ്പ് കോടതിക്ക് ലഭിച്ചതായാണ് സൂചന. വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ജഡ്ജസ് ലൈബ്രറി ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ട്.

2016 ൽ ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചിനു മുൻപിൽ കേസ് വന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാരായിരുന്നു അധികാരത്തിൽ. ശബരിമലയിൽ യുവതീപ്രവേശം വേണ്ടെന്നും തൽസ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നൽകി. എന്നാൽ പിണറായി സർക്കാർ യുവതീപ്രവേശത്തെ അനുകൂലിച്ച് സത്യവാങ്മൂലം നൽകി .മാത്രമല്ല യുവതീ പ്രവേശനം നടപ്പാക്കാൻ അക്രമ മാർഗ്ഗങ്ങൾ തേടുകയും ചെയ്തു .

റഫേൽ ഇടപാടിനെതിരെ നൽകിയ പുനപരിശോധന ഹർജി ഈ മാസം കോടതി പരിഗണിക്കും .റഫേൽ വിമാന ഇടപാടിൽ പൂർണ്ണ തൃപ്തിയെന്നും , സർക്കാർ നടപടികൾ സുതാര്യതയുള്ളതാണെന്നും കോടതി നേരത്തെ പ്രസ്താവിച്ചിരുന്നു .

ഇതിനെതിരെയാണ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പുനഃപരിശോധനാ ഹര്‍ജികൾ സമർപ്പിച്ചത്. മേയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരണമെന്ന ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ് . വിവരവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ആവശ്യം തള്ളിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഏപ്രിൽ നാലിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വാദം കേട്ടിരുന്നു.

പുനപരിശോധന ഹർജികൾക്കൊപ്പം ഇതിനൊപ്പം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എംപി മീനാക്ഷി ലേഖി സമർപ്പിച്ച ഹർജിയിലും ഈ അഞ്ചു ദിവസത്തിനുള്ളിൽ വിധി വന്നേക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കാവൽക്കാരൻ കള്ളനാണെന്ന എന്ന പരാമർശമാണ് കേസിനു ആധാരം .

രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്നു സുപ്രീം കോടതി പറഞ്ഞുവെന്ന് രാഹുല്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ ബിജെപി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.