ഇത് എന്തുതരം ഹര്‍ജിയാണ്; അരമണിക്കൂറോളം പരിശോധിച്ചിട്ടും മനസ്സിലാകുന്നില്ല; കശ്മീര്‍ വിഷയത്തില്‍ ഹര്‍ജിക്കാരന് കോടതിയുടെ ശാസന
ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേകാധികാരം നല്‍കുന്ന 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച നാലു ഹര്‍ജികളിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്.

കശ്മീര്‍ വിഷയത്തില്‍ അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വ്യാപക പിഴവുകള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്. രജ്‌സ്ട്രി ചൂണ്ടിക്കാണിച്ചിട്ടും ഹര്‍ജികളിലെ പിഴവുകള്‍ തിരുത്തിയില്ലെന്നും അരമണിക്കൂറോളം പരിശോധിച്ചിട്ടും ഇത് എന്തുതരം ഹര്‍ജിയാണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തല്‍കാലം പിഴ ഈടാക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കണമെന്നും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസില്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു.

കശ്മീര്‍ വിഷയത്തില്‍ തല്‍കാലം കോടതി ഇടപെടരുതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാര്‍ത്താവിനിമ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ലാന്‍ഡ് ലൈന്‍, ബ്രോഡ്്ബാന്‍ഡ് സൗകര്യങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെ പുനസ്ഥാപിക്കുമെന്ന് വിവരം ലഭിച്ചുവെന്നും സുപ്രീംകോടതി പറഞ്ഞു. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.