ആൽഫൈന്‌ സയനൈഡ്‌ നൽകിയതും ജോളി; ബ്രഡ്ഡിൽ സയനൈഡ്‌ ചേർത്തെന്ന്‌ മൊഴി | Kerala | Deshabhimani
കോഴിക്കോട്‌ > കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടുവയസുകാരി ആൽഫൈന്‌ സയനൈഡ്‌ നൽകി കൊലപ്പെടുത്തിയതും മുഖ്യപ്രതി ജോളി.  ഷാജുവിന്റെയും സിലിയുടെയും മൂത്ത മകന്റെ ആദ്യകുർബാന ദിവസം കുട്ടിക്ക്‌ നൽകാൻ എടുത്തുവച്ച ബ്രഡ്ഡിൽ സയനൈഡ്‌ കലർത്തിയാണ്‌ കൊലപാതകം. സയനൈഡ്‌ നിറച്ച ബോട്ടിൽ എപ്പോഴും ബാഗിൽ സൂക്ഷിച്ചിരുന്നതായും ജോളി സമ്മതിച്ചു. കുട്ടിയെ കൊന്നത്‌ താനല്ലെന്നായിരുന്നു ചോദ്യം ചെയ്യലിലും തെളിവെടുപ്പിനിടയിലും ജോളി ആവർത്തിച്ചിരുന്നത്‌. കുട്ടിക്ക്‌ താൻ ഭക്ഷണം നൽകിയിട്ടില്ലെന്നായിരുന്നു നിലപാട്‌. ആദ്യകുർബാന ദിവസം കുട്ടിക്ക്‌  ഭക്ഷണം നൽകിയത്‌ ഷാജുവിന്റെ സഹോദരി ആൻസി ആയിരുന്നെന്നും ഇക്കാര്യത്തെക്കുറിച്ച്‌ അവരോട്‌ അന്വേഷിക്കണം എന്നുമായിരുന്നു ജോളി ആവർത്തിച്ചത്‌. ജോളിയുടെ മറുപടികളിൽ തൃപ്‌തി വരാതിരുന്ന അന്വേഷക സംഘം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി.

ആൽഫൈന്റെ മരണവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം ഷാജുവിനെയും പിതാവ്‌ സഖറിയാസിനെയും പൊലീസ്‌ ചോദ്യം ചെയ്‌തിരുന്നു.  ശനിയാഴ്‌ച സിലിയുടെ ബന്ധുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.  ആദ്യ കുർബാന ദിവസം ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ നടന്ന സംഭവങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും പൊലീസ്‌ വിവരങ്ങൾ ശേഖരിച്ചത്‌. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിലാണ്‌ ജോളിയുടെ കുറ്റ സമ്മതം. കുട്ടിക്ക്‌ നൽകാൻ ബ്രഡ്‌ എടുത്തുവെയ്‌ക്കുന്നത്‌ ജോളി ശ്രദ്ധിച്ചിരുന്നു. ഭക്ഷണം എടുത്തുവച്ചശേഷം ആനി കുട്ടിയെ എടുക്കാനായി മുറിയിലേക്ക്‌ പോയി.  ബാഗിൽ സൂക്ഷിച്ച സയനൈഡ്‌ ഈ സമയത്ത്‌  ബ്രഡ്ഡിൽ ചേർത്തു.  ഇതറിയാത്ത ആൻസി  ബ്രഡ്‌ കുട്ടിക്ക്‌ നൽകുകയും മരണം സംഭവിക്കുകയും ചെയ്‌തതായി ജോളി സമ്മതിച്ചു. ചെറിയ കുട്ടിയുടെ മരണത്തിൽ തനിക്ക്‌ പങ്കില്ല എന്ന്‌ വരുത്താൻ വേണ്ടിയാണ്‌ കുറ്റം സമ്മതിക്കാതിരുന്നതെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.