ആലപ്പുഴയിൽ കുടിവെള്ളം കിട്ടാതായിട്ട് 11-ാം ദിവസം, ഒടുവിൽ അറ്റകുറ്റപ്പണി തുടങ്ങി


ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള പ്രശ്നത്തിന് താൽകാലിക പരിഹാരം കാണാൻ റോഡ് പൊളിച്ചുള്ള അറ്റകുറ്റപ്പണികൾ തുടങ്ങി. ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിലാണ് പൊതുമരാമത്ത് വകുപ്പ് ജല അതോറിറ്റിക്ക് അനുമതി നൽകിയത്. അതേസമയം, പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണാൻ നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.

കുടിവെള്ളം കിട്ടാതെയുള്ള ആലപ്പുഴക്കാരുടെ ദുരിതം 11 ദിവസത്തിലേക്ക് കടന്നപ്പോഴാണ് സർക്കാർ വകുപ്പുകൾ കണ്ണ് തുറന്നത്. പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയതോടെ അവധി ദിവസമായിട്ടും ജല അതോറിറ്റി റോഡ് പൊളിച്ചുള്ള അറ്റകുറ്റപ്പണി തുടങ്ങി. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാത വെട്ടിപ്പൊളിച്ച് കേടായ പൈപ്പ് പരിശോധിക്കണം. പകരം പൈപ്പ് മാറ്റിസ്ഥാപിച്ച് രണ്ട് ദിവസത്തിന് ശേഷം പമ്പിംഗ് തുടങ്ങാമെന്ന് ജല അതോറിറ്റി കണക്കുകൂട്ടുന്നു.

തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ ഒന്നരകിലോമീറ്റിറിലെ പൈപ്പ് പൂർണ്ണമായി മാറ്റിസ്ഥാപിക്കണം. ഇതിന് 15.47 കോടി ധനവകുപ്പ് അനുവദിച്ചെങ്കിലും ജലഅതോറിറ്റി അന്തിമ അനുമതി നൽകിയിട്ടില്ല. സംസ്ഥാനപാത ഒഴിവാക്കി മറ്റൊരു വഴിയിലൂടെ പൈപ്പ് കൊണ്ടുപോകാനാണ് ആലോചന. ഇക്കാര്യങ്ങളെല്ലാം നാളെ തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചർച്ച ചെയ്യും.

ഇത് 43 തവണയാണ് റോഡ് ഇങ്ങനെ വെട്ടിപൊളിക്കുന്നത്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാത്രമല്ല, മന്ത്രി പ്രഖ്യാപിച്ച സമഗ്ര അന്വേഷണത്തിലൂടെ പദ്ധതിക്ക് പിന്നിലെ അഴിമതി കഥകളും പുറത്തുവരണം എന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Last Updated 10, Nov 2019, 4:16 PM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.