അയോധ്യയ്‌ക്ക്‌ വേണ്ടത്‌ വികസനം; ഇനിയും വർഗീയതയുമായി വരരുത്‌: അയോധ്യ നിവാസികള്‍ പറയുന്നു | National | Deshabhimani
ന്യൂഡല്‍ഹി> ക്ഷേത്ര നിർമാണത്തിന്‌ സുപ്രീംകോടതി അനുമതി നൽകിയതോടെ ശ്രീരാമനെ ഉപയോഗിച്ചുള്ള വർഗീയ നീക്കം സംഘപരിവാർ അവസാനിപ്പിക്കണമെന്ന്‌ അയോധ്യ നിവാസികൾ. രാമനെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളിക്ക്‌ അയോധ്യയിലുള്ളവർ താൽപ്പര്യപ്പെടുന്നില്ലെന്ന്‌ -ഹനുമാൻഗഡി ക്ഷേത്രത്തിലെ മുഖ്യപൂജാരി മഹന്ത്‌ ഗ്യാൻദാസ്‌, അയോധ്യ മുസ്ലിം വെൽഫെയർ കമ്മിറ്റി അധ്യക്ഷൻ സാദിഖ്‌ അലി തുടങ്ങിയവർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന്‌ അയോധ്യയിലെ ഏറ്റവും പ്രധാന ക്ഷേത്രമായ ഹനുമാൻഗഡിയുടെ മുഖ്യപൂജാരി മഹന്ത്‌ ഗ്യാൻദാസ്‌ പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിനാണ്‌ പരിഹാരമായത്‌. അയോധ്യയുടെ പേരിൽ പലരും  രാഷ്ട്രീയമുതലെടുപ്പ്‌ നടത്തി. പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്‌ പുറത്തുനിന്ന്‌ എത്തിയവരാണ്‌. അയോധ്യയിൽ ആരും മതസ്‌പർധ ആഗ്രഹിക്കുന്നില്ല. ക്ഷേത്രനിർമാണത്തിന്‌ കോടതി അവസരമൊരുക്കി. മറ്റൊരു സ്ഥലത്ത്‌ പള്ളി നിർമിക്കുന്നതിനും ഉത്തരവായി. എത്രയും വേഗം ഇതിനാവശ്യമായ നടപടിവേണമെന്നും- ഗ്യാൻദാസ്‌ പറഞ്ഞു.

ക്ഷേത്രം നിർമിക്കുന്നതിന്‌ എതിരല്ലെന്ന്‌  സാദിഖ്‌ അലിയും പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിന്‌ പരിഹാരമാണാവശ്യം. അയോധ്യയിൽ ക്ഷേത്രത്തിന്റെ പേരിൽ രക്തം വീഴരുത്‌. പള്ളി നിർമിക്കുന്നതിന്‌ അഞ്ചേക്കർ കണ്ടെത്തി നൽകണമെന്ന്‌ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്‌.  സ്ഥലം എവിടെ കണ്ടെത്തണമെന്ന്‌ കൃത്യമായി പറഞ്ഞിട്ടില്ല. സർക്കാർ ഏറ്റെടുത്ത ഭൂമിയോട്‌ ചേർന്ന്‌ അനുയോജ്യമായ സ്ഥലമുണ്ട്‌.  പള്ളി ആര്‌ നിർമിക്കണമെന്ന കാര്യത്തിലും അവ്യക്തതയുണ്ട്‌. അമ്പലത്തിന്റെ കാര്യത്തിൽ നിർദേശിച്ചത്‌ പോലെ ഒരു ഭരണസമിതിയുണ്ടായാൽ നന്നാകും. എന്നാൽ, അയോധ്യയിലുള്ളവരെ മാത്രമേ അതിൽ അംഗങ്ങളാക്കാവൂ.  ഇവിടെയുള്ളവർ വികസനമാണ്‌ താൽപ്പര്യപ്പെടുന്നത്‌. രാമന്റെ പേരിൽ അധികാരത്തിലെത്തിയവർ അതിന്‌ മുൻകൈയെടുക്കണമെന്നും സാദിഖ്‌ അലി പറഞ്ഞു.

വിധി സ്വാഗതം ചെയ്യുന്നുവെന്നും പ്രശ്‌നങ്ങൾ ഇതോടെ അവസാനിക്കുമെന്നും തർക്കഭൂമിയോട്‌ ചേർന്നുതാമസിക്കുന്ന 78 കാരനായ അമർനാഥ്‌ ദാസ്‌ പറഞ്ഞു.  എപ്പോൾ വേണമെങ്കിലും പ്രശ്‌നങ്ങളുണ്ടാകാമെന്ന ഭീതിയിലായിരുന്നു. ഇപ്പോൾ എല്ലാവരും ആശ്വാസത്തിലാണെന്നും- ദാസ്‌ പറഞ്ഞു. വിധി അംഗീകരിക്കുന്നുവെന്ന്‌ പതിറ്റാണ്ടുകളായി അയോധ്യയിൽ കച്ചവടം നടത്തുന്ന ഹാജി റഹ്‌മത്തുള്ളാഖാൻ പറഞ്ഞു. കോടതി അനുവദിച്ച അഞ്ചേക്കർ ആവശ്യമില്ലെന്നും ദാനം കിട്ടിയ ഭൂമിയിലല്ല പള്ളി പണിയേണ്ടതെന്നും ഹാജി പറഞ്ഞു.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.