അയോധ്യയിൽ നിരോധനാജ്ഞ നീട്ടും; സുരക്ഷ വീണ്ടും കൂട്ടും


ലക്നൗ: അയോധ്യയിൽ നിരോധനാജ്ഞ നീട്ടും. ഏറെ സുരക്ഷ വേണ്ട നിർണ്ണായകമായ ഘട്ടമാവും ഇനി അയോധ്യയില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആശിഷ് തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാർത്തിക പൂർണ്ണിമ പ്രമാണിച്ച് നാളെ കൂടുതൽ സുരക്ഷ സേനയെ വിന്യസിക്കാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അടുത്ത 15 വരെയാണ് അയോധ്യയിൽ നിരോധനാജ്ഞ. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗം നിരോധനാജ്ഞ നീട്ടാമെന്ന തീരുമാനത്തിലേക്കാണ് എത്തിയത്. സുപ്രീംകോടതി വിധിയനുസരിച്ച് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കേണ്ടതിനാൽ വരും നാളുകൾ ഏറെ നിർണ്ണായകമാണ്. 

ഏറെ വിശ്വാസികൾ അയോധ്യയിൽ തമ്പടിക്കുന്ന ഉത്സവ കാലത്താണ് കേസിലെ വിധി വന്നതെന്നും ശ്രദ്ധേയം. വലിയ ആഘോഷമായ കാർത്തിക പൂർണ്ണിമ ദിനമായ നാളെ നിലവിലെ സുരക്ഷ പോരെന്ന വിലയിരുത്തലിലാണ് യോഗി സർക്കാർ. അതിനാൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. സരയൂ നദി തീരത്ത് നടക്കുന്ന ആഘോഷത്തിൽ കഴിഞ്ഞ വർഷം എട്ട് ലക്ഷം പേർ പങ്കെടുത്തതായാണ് പൊലീസിന്റെ കണക്ക്. വിധിയുടെ തലേന്ന് നടന്ന പഞ്ച കോശി പരിക്രമ ആഘോഷത്തിൽ പങ്കെടുക്കാനും വൻ ജനാവലി അയോധ്യയിൽ തമ്പടിച്ചിരുന്നു.

Last Updated 11, Nov 2019, 6:00 AM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.