അയോദ്ധ്യയില്‍ നിരോധനാജ്ഞ നീട്ടും; കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കും


ലക്‌നൗ: അയോദ്ധ്യയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ നീട്ടും. കാര്‍ത്തിക പൂര്‍ണ്ണിമ പ്രമാണിച്ച് നാളെ അയോദ്ധ്യയില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായി. അയോദ്ധ്യയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്യത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് നിരോധനാജ്ഞ നീട്ടാനുളള തീരുമാനം വന്നത്. നിലവില്‍ അടുത്ത 15 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

ആയോദ്ധ്യയിലെ വലിയ ആഘോഷമായ കാര്‍ത്തിക പൂര്‍ണ്ണിമ ദിനമായ നാളെ നിലവിലെ സുരക്ഷ മതിയാവില്ലെന്ന വിലയിരുത്തലിലാണ് യോഗി സര്‍ക്കാര്‍. അതിനാല്‍ സ്ഥലത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. സരയൂ നദീ തീരത്ത് നടക്കുന്ന ആഘോഷത്തില്‍ കഴിഞ്ഞ വര്‍ഷം എട്ടു ലക്ഷം പേര്‍ പങ്കെടുത്തതായാണ് കണക്ക്.

സുപ്രീംകോടതി വിധിയനുസരിച്ച് ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേയ്ക്ക് കടക്കേണ്ടതിനാല്‍ വരും ദിനങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്. വിശ്വാസികള്‍ അയോദ്ധ്യയില്‍ തമ്പടിക്കുന്ന ഉത്സവകാലത്താണ് രാമജന്മഭൂമിയുമായി ബന്ധപ്പെട്ട വിധി വന്നതെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ സുരക്ഷ ഇനിയും ശക്തമാക്കാനാണ് യോഗി സര്‍ക്കാരിന്റെ നീക്കം.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.