‘അഭിനയിക്കാൻ പേടിയാണ്‌, തീയറ്ററിലെത്തി കുഴപ്പമില്ലെന്ന് തോന്നുമ്പോഴാണ്‌ സമാധാനം’: സൗബിൻ ഷാഹിർ അഭിമുഖം | Cinema | Deshabhimaniസംസ്ഥാന ചലച്ചിത്ര അവാർഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ സൗബിൻ ഷാഹിറിന്‌ സമ്മാനിക്കുന്നു
സംസ്ഥാന ചലച്ചിത്ര അവാർഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ സൗബിൻ ഷാഹിറിന്‌ സമ്മാനിക്കുന്നു

സിനിമാസ്വാദകരുടെ മനസ്സിൽ  സ്വന്തമായൊരിരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു സൗബിൻ ഷാഹിർ. തനി കൊച്ചിക്കാരൻ. ആ  ഭാഷയാണ്‌ എളുപ്പം വഴങ്ങുക. എന്നാൽ, സുഡാനി ഫ്രം നൈജീരിയയിലെ മലപ്പുറംകാരനായും അമ്പിളിയിൽ ഇടുക്കിക്കാരനായും ചാർലിയിൽ കോട്ടയംകാരനായും അഭിനയിക്കുമ്പോൾ ഭാഷാഭേദങ്ങളിലെ സൂക്ഷ്‌മവ്യതിയാനങ്ങളിൽ അതീവശ്രദ്ധ പുലർത്തുന്ന സൗബിനെ കാണാം. ദീർഘകാലമായി സഹസംവിധായകനായി സിനിമയുടെ അണിയറയിലുള്ള ഈ കലാകാരനുവേണ്ടി മാത്രമായി തിരക്കഥകൾ തയ്യാറാക്കപ്പെടുന്ന സ്ഥിതിയിലേക്ക്‌ മലയാള സിനിമ മാറുന്നുവെങ്കിൽ അത്‌ സ്വാഗതാർഹമായ മാറ്റംതന്നെ.  പറവയിലൂടെ  സംവിധായകനായും മികവ്‌ തെളിയിച്ചു സൗബിൻ.  അമ്പിളിയിലും വികൃതിയിലുമെല്ലാം സമീപകാലത്ത്‌ വിസ്‌മയാവഹമായ പ്രകടനം കാഴ്‌ചവച്ച സൗബിൻ, രതീഷ്‌ ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനംചെയ്‌ത ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ 5.25ലൂടെ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ സജിയുടെ പല തലങ്ങളിലുള്ള സ്വഭാവ വൈജാത്യങ്ങളെ ഫലപ്രദമായി അവതിരിപ്പിച്ച സൗബിൻ മലയാളത്തിലെ മികച്ച നടന്മാരുടെ ശ്രേണിയിലേക്ക്‌ ഉയർന്നുകഴിഞ്ഞു. തിരശീലയ്‌ക്ക്‌ പിറകിൽനിന്ന്‌ അപ്രതീക്ഷിതമായി കാമറയ്‌ക്ക്‌ മുമ്പിലെത്തിയ സൗബിൻ സാധാരണക്കാരനെ അവതരിപ്പിച്ചാണ്‌ പ്രേക്ഷകമനസ്സിലേക്ക്‌ കയറിയത്‌…

 

പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള എന്ത്‌ ജാലവിദ്യയാണ്‌ കയ്യിലുള്ളത്‌

 

തിരക്കഥയാണ് എല്ലാത്തിന്റെയും കരുത്ത്. സംവിധായകർ വിശ്വസിച്ചൊരു കഥാപാത്രം തരുന്നതും  അത് വളരെ വൃത്തിയോടെ ചെയ്യാൻ സാധിക്കുന്നതും പ്രേക്ഷകർക്ക് ഇഷ്ടമാകുന്നതുമെല്ലാം അതിന്റെ ഭാഗം. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾക്ക്‌ ലഭിക്കുന്ന അഭിനന്ദനങ്ങൾക്ക്‌ അർഹർ തിരക്കഥാകൃത്തുക്കൾതന്നെ.  നന്നായി അഭിനയിക്കുക എന്നത് മാത്രമാണ് നമ്മുടെ ഭാഗത്തുനിന്നുള്ള സംഭാവന.  കോമഡി ചെയ്യുമ്പോൾ അതിന്റെ റിയാക്‌ഷൻസിനുംമറ്റും കൂടുതൽ ശ്രദ്ധിക്കാറുണ്ട്. സംഭാഷണങ്ങൾ ഇല്ലാതെ വെറും റിയാക്‌ഷനിൽനിന്നുവരുന്ന ഹാസ്യത്തിലും ശ്രദ്ധ നൽകും. കൂടുതലും സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ഇച്ഛയ്‌ക്കനുസരിച്ചാണ് ചെയ്യാറുള്ളത്.

 

ചാർലിയിലും മഹേഷിന്റെ പ്രതികാരത്തിലുമൊക്കെ ഗൗരവത്തോടെയാണ്‌ സൗബിന്റെ കഥാപാത്രങ്ങൾ പെരുമാറുന്നതെങ്കിലും പിന്നീടാണ് അതിലെ ആഴത്തിലുള്ള ഹ്യൂമർ പ്രേക്ഷകരിലെത്തുന്നത്…

 

മഹേഷിന്റെ പ്രതികാരത്തിലും ചാർലിയിലും എങ്ങനെ അഭിനയിക്കണമെന്ന് വ്യക്തമായി പറഞ്ഞുതന്നിരുന്നു. എന്റെ ഭാഗത്തുനിന്ന്‌ കൂടുതലൊന്നും ചെയ്യേണ്ടിവന്നിട്ടില്ല. ശ്യാം പുഷ്‌കരനായാലും ദിലീഷ്‌ പോത്തനായാലും എങ്ങനെവേണമെന്ന കാര്യത്തിൽ അവർക്ക് വ്യക്തതയുണ്ട്‌.  ചാർലിയിൽ മാർട്ടിൻ പ്രക്കാട്ട്‌ കുറച്ചുകൂടി ഓവറാക്കിക്കോ എന്ന് പറയുമായിരുന്നു. മുഖഭാവങ്ങളൊക്കെ കൂട്ടിക്കോളാൻ പറയും. എല്ലാ റിയാക്‌ഷൻസും പറഞ്ഞതുപോലെ മാത്രമേ ചെയ്‌തിട്ടുള്ളൂ.

   

സിനിമയിലെ തുടക്കക്കാലം, പ്രത്യേകിച്ച്‌ അമൽ നീരദ്‌, അൻവർ റഷീദ്‌ തുടങ്ങിയവരുമായുള്ള സൗഹൃദം.

 

അമൽ നീരദിന്റെ സിനിമകളിൽ അസിസ്റ്റ് ചെയ്‌തിട്ടുണ്ട്. അൻവർ റഷീദിനൊപ്പം   ക്യാമറ അസോസിയറ്റ് ചെയ്യുകയാണുണ്ടായത്. അതിൽ അമലേട്ടനായിരുന്നു ക്യാമറ. അദ്ദേഹത്തോടൊപ്പമാണ്‌ കൂടുതൽ വർക്ക്‌ ചെയ്‌തത്‌. ഫാസിൽ, സിദ്ദിഖ്, റാഫി -മെക്കാർട്ടിൻ, പി ശ്രീകുമാർ,  സന്തോഷ് ശിവൻ, രാജീവ് രവി, ആഷിഖ്‌ അബു തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു.  ആഷിഖ് ഭായിയെ പണ്ടു തൊട്ടേ അറിയാം.  മുമ്പൊക്കെ രണ്ട് ദിവസം കൂടുമ്പോഴെങ്കിലും എല്ലാവരും പരസ്‌പരം കാണുമായിരുന്നു. അപ്പോഴെല്ലാം സിനിമതന്നെ ചർച്ച.  ഇപ്പോഴും തുടരുന്ന അത്തരം സൗഹൃദങ്ങൾതന്നെയാണ്‌ നടനാകാനും  കാരണം.

 

സഹസംവിധായകനിൽനിന്ന്‌ നടനിലേക്ക്‌

 

നടനാകുമെന്ന്  കരുതിയതല്ല. സഹസംവിധായകനായി പിന്നീട് സംവിധാന രംഗത്തിലേക്ക് കടക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. എട്ടുവർഷം മുമ്പ്‌ എന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട് ആഷിഖ് ഭായിയും ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ നിർമാതാവ്‌ സന്തോഷേട്ടനും സിനിമ എടുക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്‌തു. അതിനായി ‘പണി പാളി’ എന്ന പേരിലുള്ള തിരക്കഥ എഴുതാൻ തുടങ്ങുമ്പോഴാണ് അന്നയും റസൂലും സിനിമയിൽ അഭിനയിക്കാൻ രാജീവേട്ടൻ (രാജീവ്‌ രവി) വിളിക്കുന്നത്.   ആ തിരക്കഥയുടെ പണി മാറ്റിവച്ചാണ് പറവ സംവിധാനം ചെയ്‌തത്.  അത് കുറച്ചുകൂടെ ഹെവി സ്‌ക്രിപ്‌റ്റാണെന്നിരിക്കെ സമയമെടുത്ത്‌ ചെയ്യാമെന്ന്‌ തീരുമാനിച്ചു. അന്നയും റസൂലും കഴിഞ്ഞ്‌ കുള്ളന്റെ ഭാര്യ. പിന്നീട് ടാ തടിയാ. പിന്നീട് അങ്ങനെ നടനായി പോയതാണ്.

 

ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ വെർഷൻ 5.25ൽനിന്ന്‌
ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ വെർഷൻ 5.25ൽനിന്ന്‌

സുഡാനിയിലെ മലപ്പുറംകാരൻ

 

കൊച്ചി  ശൈലിയിൽനിന്ന്‌ ഭിന്നമാണ്‌  സുഡാനിയിലെ മജീദിന്റെ ഭാഷ. പൂർണമായും മലപ്പുറമാണ്‌ പശ്‌ചാത്തലം. കൂടുതൽ പ്രയാസം തോന്നിയതും അതിലാണ്.  സിങ്ക് സൗണ്ട്‌ ആയിരുന്നതുകൊണ്ട്‌ തെറ്റുകളെല്ലാം അപ്പപ്പോൾ തിരുത്തി.  കോമഡി പറയുമ്പോൾ  സ്വാഭാവികമായി കൊച്ചി ഭാഷ കടന്നുവരും. പല സിനിമകളിലും ഇൗ അവസ്ഥ ഉണ്ടാകും. മഹേഷിന്റെ പ്രതികാരത്തിൽ ക്രിസ്‌പിന്റെ ഇടുക്കി ശൈലിയിലേക്ക് കൊച്ചി ശൈലി കയറുമ്പോൾ ഇടയ്‌ക്ക് കേറി പറയുന്നുണ്ട്,  കൊച്ചിയിൽ പഠിച്ചകാര്യം. ആ ഭാഷാമാറ്റം അങ്ങനെ സംഭവിച്ചതായിക്കോട്ടേ എന്ന് കരുതാൻവേണ്ടി ശ്യാം പുഷ്‌കരൻ പറയിപ്പിച്ചതാണത്. ഹരീഷ് കണാരന്റെ കാര്യത്തിൽ  ഭാഷയാണ്  സവിശേഷത. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോൾ തോന്നിയത്‌ ആ ശൈലിക്ക് പകരം മറ്റൊന്ന്‌ കൊണ്ടുവന്നാൽ ചിലപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുമോ എന്നത് സംശയമാണ്. ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്‌. ആ ശൈലിയാകും ആ സിനിമയുടെ ഭംഗി. എനിക്കുതന്നെ പലപ്പോഴും കഥാപാത്രങ്ങളിലേക്ക് ആഴ്‌ന്നിറങ്ങുമ്പോൾ ഭാഷാ ശൈലിയിലേക്ക് ശ്രദ്ധ കൊടുക്കുന്നതിന് പ്രയാസം നേരിടാറുണ്ട്.

 

മറ്റിടങ്ങളിൽ ചിരിപ്പിക്കുന്നു, സ്വന്തം സിനിമയായ പറവയിൽ വില്ലൻ. കൂടുതൽ ഇഷ്‌ടം.

 

അങ്ങനെയൊരു ഇഷ്ടത്തേക്കാളുപരി പേടിയാണ് ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും. തിയറ്ററിലെത്തി കുഴപ്പമില്ല എന്ന് തോന്നുമ്പോൾമാത്രമാണ് സമാധാനമാകുന്നത്.  പറവയിലെ കഥാപാത്രത്തിന് കൂടുതൽ ഇടി കൊള്ളേണ്ടതുണ്ട്‌. അത്രയും ഇടികൊള്ളാൻ മറ്റാരെയും കിട്ടാത്തതുകൊണ്ട് ഞാൻതന്നെ അഭിനയിച്ചു. നല്ല ഫൈറ്റുള്ള മൂന്നോളം സീക്വൻസുകളുണ്ടായിരുന്നു. അതുകൊണ്ട് ആക്‌ഷൻ പറയുക, ഇടി കൊള്ളുക എന്ന അവസ്ഥയായിരുന്നു. പിന്നെ അൻവർ റഷീദ് ഉൾപ്പെടെ എല്ലാവരും നിർബന്ധിച്ചപ്പോൾ ചെയ്‌തു എന്നേയുള്ളൂ. അല്ലാതെ സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു റോൾ ചെയ്യാം എന്ന് വിചാരിച്ചതല്ല. എന്തെങ്കിലും തരത്തിലുള്ള ചെറിയ കോമഡി റോളുകൾ ചെയ്യുക എന്നല്ലാതെ സ്വന്തം ചിത്രത്തിൽ മുഴുനീള കഥാപാത്രം ചെയ്യുന്നതിനോട് താൽപ്പര്യം ഇല്ലായിരുന്നു.

  

ഒരുപാട് ജീവിതങ്ങളെ റീലിൽ വരച്ച സിനിമയാണ്‌ പറവ. സ്വന്തം അനുഭവങ്ങൾ ഉണ്ടോ.

 

ജീവിതത്തിൽ സംഭവിച്ചതും തൊട്ടറിഞ്ഞതുമായ കാര്യങ്ങളാണ് പറവയിൽ ആവിഷ്‌കരിച്ചത്‌. മിക്കതും അനുഭവങ്ങൾതന്നെ. എനിക്കും കൂട്ടുകാർക്കുമിടയിൽ സംഭവിച്ചവ.  ഉദാഹരണത്തിന് ലോങ്‌ജമ്പിൽ മറിഞ്ഞ് ചാടുന്നതെല്ലാം സ്‌കൂൾ കാലത്തെ സ്വന്തം അനുഭവങ്ങളാണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ രാവിലെ ബീച്ചിൽ ഡാൻസ് പഠിക്കാറുണ്ടായിരുന്നു. അപ്പോൾ അങ്ങനെ മറിയാനൊന്നും കാര്യമായി അറിയില്ല. പതിവായി വീഴും. ഒരിക്കൽ ലോങ്‌ ജമ്പിനിടയിൽ  പൂച്ചക്കണ്ണുള്ള സുന്ദരിപ്പെൺകുട്ടിയെ കണ്ട് മറിഞ്ഞു. പിന്നീടങ്ങോട്ട് എനിക്ക് എപ്പോഴും മറിയാൻ പറ്റിയിരുന്നു. ആ അനുഭവം കഥാപാത്രത്തിലേക്ക് കൊണ്ടുവന്നു. ബാക്കി കാര്യങ്ങളെല്ലാം ഞങ്ങളിൽനിന്നെടുത്തതുതന്നെ. പട്ടം പറപ്പിക്കുന്നതും പ്രാവിനെ പറത്തുന്നതുമൊക്കെ. ഉപ്പയാണ് പ്രാവിനായുള്ള കൂടും മറ്റും ഉണ്ടാക്കിത്തന്നിരുന്നത്.  മീനിനെ വായിലിട്ട് കൊണ്ടുപോരുന്നത്‌ മോഷണത്തേക്കാളുപരി കുസൃതിയായിട്ടാണ് അവതരിപ്പിച്ചത്. അതെല്ലാം വീട്ടിൽ ഞാൻ ചെയ്‌ത കാര്യങ്ങൾ. മാമന്മാർ മീൻ വളർത്തുമായിരുന്നു.  അവരുടെ വീട്ടിൽനിന്ന്‌ മീനിനെ വായിലിട്ട്   കൊണ്ടുവന്നിട്ടുണ്ട്‌. പിന്നീട് മാമ വീട്ടിൽ വന്ന് മീനിനെ എടുത്തുകൊണ്ടുപോകും.

 

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

 

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പേര് പോലെതന്നെ റോബോട്ടിനെ സൂചിപ്പിക്കുന്ന ഒന്നാണ്. കുഞ്ഞപ്പൻ അതിലെ മറ്റൊരു കഥാപാത്രവും.  അച്ഛൻ–-മകൻ ബന്ധം നന്നായി അവതരിപ്പിക്കുന്ന ചിത്രം.  സുരാജേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായാണ്‌ ഞാൻ അഭിനയിക്കുന്നത്‌.  പെർഫോമെൻസിന് വളരെയധികം സാധ്യതയുള്ള ചിത്രം. അതിന്റെ തിരക്കഥ ഒറ്റയിരിപ്പിന് വായിച്ചു തീർക്കുകയായിരുന്നു. പുതിയ രീതിയിലുള്ള ഹാസ്യമാണ്  മറ്റൊരു സവിശേഷത. സുരാജേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആകുമിത്‌. പ്രായമേറിയ കഥാപാത്രത്തെ എത്ര പക്വതയോടെയാണ്‌ അദ്ദേഹം അവതരിപ്പിച്ചത്‌. നമ്മുടെ ജീവിതത്തിലേക്ക് റോബോട്ട് വരുമ്പോഴുണ്ടാകുന്ന രസകരമായ അനുഭവങ്ങളാണ്‌ അവതരിപ്പിക്കുന്നത്. പഠനശേഷം മകനെ പുറത്ത്‌ ജോലിക്ക് വിടാൻ താൽപ്പര്യമില്ലാത്ത അച്ഛൻ. ഗൃഹാതുരതയിൽ ജീവിക്കുന്ന അച്ഛന്റെ കഥാപാത്രമാണ് സുരാജേട്ടൻ ചെയ്യുന്നത്. എന്നാൽ, നമ്മൾ ചിന്തിക്കുന്നതും അവരുടെ മനസ്സിലുള്ള കാര്യങ്ങളും തമ്മിലുള്ള അന്തരം വ്യക്തമായി ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.