അതിജീവനത്തിനുള്ള നിശ്ചയദാര്‍ഢ്യത്തെ വ്യാജപ്രചരണങ്ങള്‍ക്ക് തകര്‍ക്കാനാവില്ല; മാധ്യമങ്ങളുടെ ഇടപെടലും പ്രശംസനീയം: മുഖ്യമന്ത്രി | Kerala | Deshabhimani
തിരുവനന്തപുരം > ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കും തകര്‍ക്കാനാവാത്തതാണ് അതിജീവനത്തിനുള്ള നിശ്ചയദാര്‍ഢ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതര്‍ക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ആകാവുന്ന എല്ലാ ആശ്വാസവും നല്‍കാന്‍ ശ്രമിക്കുകയാണ്. ഇന്ന് വൈകിട്ടുവരെ സംസ്ഥാനത്താകെ എണ്‍പത്തിയാറു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1243 ദുരിതാശ്വാസ ക്യാമ്പുകളില്‍ 224506 പേര്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. കേരളത്തിന് ഒന്നും കൊടുക്കേണ്ടതില്ല എന്ന ദുഷ്പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്ന അനുഭവമാണുള്ളതെന്നും ഇക്കാര്യത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടല്‍ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ വലിയ ദുരന്തങ്ങളുണ്ടായത് വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനത്തുമാണ്. ഉരുള്‍പൊട്ടലില്‍ കൂട്ടമരണം സംഭവിച്ച രണ്ടു സ്ഥലങ്ങളിലും ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ ക്യാംപുകളില്‍ കഴിയുന്നവരെ ഇന്ന് നേരില്‍ ചെന്ന് കണ്ടു.

ദുരിതബാധിതര്‍ക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ആകാവുന്ന എല്ലാ ആശ്വാസവും നല്‍കാന്‍ ശ്രമിക്കുകയാണ്.

ഇന്ന് വൈകിട്ടുവരെ സംസ്ഥാനത്താകെ എണ്‍പത്തിയാറു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1243 ദുരിതാശ്വാസ ക്യാമ്പുകളില്‍ 224506 പേര്‍ ഇപ്പോള്‍ കഴിയുന്നുണ്ട്.

മഹാപ്രളയത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ഉണ്ടായ ഈ കെടുതി നമ്മെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇതില്‍ നിന്ന് കരകയറാന്‍ ഒത്തൊരുമിച്ചുള്ള ഇടപെടലാണ് ആവശ്യം. കേരളത്തിന് ഈ ഘട്ടത്തില്‍ ലഭിക്കുന്ന എന്ത് സഹായവും അധികമാകില്ല. കഴിഞ്ഞ വര്‍ഷം പ്രളയം സൃഷ്ടിച്ച തകര്‍ച്ചയില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മുപ്പത്തി ഒന്നായിരം കോടി രൂപയെങ്കിലും വേണം എന്നാണ് യു എന്‍ ഏജന്‍സികള്‍ കണക്കാക്കിയത്.

ഈ ഘട്ടത്തില്‍ സഹായ ഹസ്തം നീട്ടുന്നവര്‍ ഒട്ടേറെയാണ്. സവിശേഷമായ ചില അനുഭവങ്ങള്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന് ഒന്നും കൊടുക്കേണ്ടതില്ല എന്ന ദുഷ്പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്ന അനുഭവമാണത്. ഇക്കാര്യത്തില്‍ നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടല്‍ പ്രശംസനീയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു നടത്തിയ വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ ഏറെക്കുറെ ഒറ്റക്കെട്ടായി തന്നെ രംഗത്തു വന്നു. നേരിയ അപവാദമേ അതിനുള്ളൂ. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായ ശേഖരണം മുടക്കാനുള്ള ശ്രമങ്ങളെയും മാധ്യമങ്ങള്‍ ശക്തമായി എതിര്‍ത്തു. വാര്‍ത്തകളിലൂടെ മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തിപരമായി വളണ്ടിയര്‍മാരായി രംഗത്തിറങ്ങിയും നടത്തിയ ഇടപെടല്‍ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരെയും ആവേശഭരിതരാക്കുന്നതാണ്. തിരുവനന്തപുരം നഗരസഭയിലെ കലക്ഷന്‍ സെന്ററില്‍ നിരവധി മാധ്യമ പ്രവര്‍ത്തകരെ കാണാനിടയായി. തലസ്ഥാനത്തെ പ്രസ്സ് ക്ലബ് നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്.

ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കും തകര്‍ക്കാനാവാത്തതാണ് അതിജീവനത്തിനുള്ള നിശ്ചയദാര്‍ഢ്യം എന്ന് ആത്മവിശ്വാസത്തോടെ പറയാനാകുന്ന അവസ്ഥയാണിത്.

ദുരിതമഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അതീവ ജാഗ്രതയോടെ നാം നില്‍ക്കുകയാണ്. കൈകോര്‍ത്തു നാം അതിജീവിക്കും ഈ പ്രതിസന്ധിയെ. 

 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.